ജയ്പൂരിലെ അംബഗഡ് കോട്ടയില്‍ ഹിന്ദുത്വര്‍ ഉയര്‍ത്തിയ കാവിക്കൊടി ആദിവാസി സംഘടനകള്‍ എടുത്തുമാറ്റി; ജയ്പൂരില്‍ സംഘര്‍ഷം
ജയ്പൂര്‍: ദീര്‍ഘകാലമായി അനാഥമായിക്കിടന്നിരുന്ന ജയ്പൂരിലെ ഒരു കോട്ട ആദിവാസി പോരാട്ടത്തിന്റെ പ്രതീകമായി മാറുന്നു. രാജസ്ഥാനിലെ കോട്ടയ്ക്കു മുകളില്‍ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ കാവിക്കൊടി ആദിവാസി വിഭാഗമായ മീണകള്‍ എടുത്തുമാറ്റി.
18ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച അംബഗഡ് സൈനിക കോട്ട ദീര്‍ഘകാലമായി മീണകളും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാണ്. ഹിന്ദുത്വ സംഘടനകള്‍ക്ക് ബിജെപിയുടെ പിന്തുണയുമുണ്ട്.
യുവശക്തി മാര്‍ച്ച് എന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കോട്ടക്ക് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ പതാക ഉയര്‍ത്തിയതോടെയാണ് പുതിയ പ്രശ്‌നം ആരംഭിച്ചത്.
മീണ വിഭാഗത്തിന്റെ അംബമാതാവിന്റെ ക്ഷേത്രം ഈ കോട്ടക്കുള്ളിലായതുകൊണ്ട് മീണകള്‍ക്ക് ഈ കോട്ട പ്രധാനമാണ്. അംബമാത മീണ സമുദായത്തിന്റെ ദേവതയാണ്. ജയ് ശ്രീറാം എന്നെഴുതിയ പതാക ഉയര്‍ത്തിയതുവഴി ഹിന്ദുത്വര്‍ തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്ന് മീണകള്‍ പരാതിപ്പെടുന്നു.
എംഎല്‍എ രാകേഷ് മീണയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂലൈ 22ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പതാക എടുത്തുമാറ്റിയത്. പതാക എടുത്തുമാറ്റിയതോടെ ഒരു ഭാഗം കീറിപ്പോവുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വര്‍ പ്രചാരണമാരംഭിച്ചത്. എടുത്തുമാറ്റുമ്പോള്‍ പതാക കീറുന്നതിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. ഇരു വിഭാഗങ്ങളും ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു ഹാഷ് ടാഗ് പ്രചാരണവും ട്വിറ്ററില്‍ ആരംഭിച്ചു.
ഹിന്ദുത്വ സംഘടനകള്‍ ആദിവാസികളുടെ സ്വത്വബോധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രൈബല്‍ ആര്‍മി നേതാവ് ഹന്‍സ് രാജ് മീണ ആരോപിച്ചു.
ഇതിനിടയില്‍ സുദര്‍ശന്‍ ടിവി ചാനല്‍ എഡിറ്റര്‍ സുരേഷ് ചാവ്ഹന്‍കെ പ്രക്ഷേപണം ചെയ്ത ടിവി പരിപാടി പുതിയ വിവാദത്തിനു കാരണമായി. കീറിയെറിഞ്ഞ പതാകയ്ക്കു പകരം ആഗസ്ത് ഒന്നിന് തന്നെ മറ്റൊന്ന് സ്ഥാപിക്കണമെന്നാണ് സുരേഷ് ആഹ്വാനം ചെയ്തത്. കലാപമുണ്ടാക്കാനാണ് സുദര്‍ശന്‍ ടിവി എഡിറ്ററുടെ ശ്രമമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ട്രൈബര്‍ ആര്‍മി നേതാക്കള്‍ രംഗത്തുവന്നു. അദ്ദേഹത്തിനെതിരേ പരാതിയും നല്‍കിയിട്ടുണ്ട്. നിരവധി എംഎല്‍എമാര്‍ ഒപ്പുവച്ച മറ്റൊരു പരാതി മുഖ്യമന്ത്രി അശോക് ഗലോട്ടിന് നല്‍കുകയും ചെയ്തു.
ആഗസ്റ്റ് ഒന്നിനു തന്നെ മീണ സമുദായക്കാരോട് ഇതേ കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തി ഓരോ ചെടി നടാന്‍ ട്രൈബല്‍ ആര്‍മിയുടെ ആഹ്വാനം കഴിഞ്ഞ ദിവസം പുറത്തുവന്നു.

