ഡല്‍ഹി ജല്‍ ബോര്‍ഡ് ഓഫിസില്‍ അതിക്രമിച്ചുകയറി; ബിജെപി ഡല്‍ഹി പ്രസിഡന്റ് അടക്കം 200 ബിജെപി നേതാക്കള്‍ക്കെതിരേ പരാതി

Update: 2020-12-26 03:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജല്‍ ബോര്‍ഡ് ഓഫിസ് ഘരാവോ ചെയ്ത് ഗുണ്ടകളുമായി അതിക്രമിച്ചു കയറിയെന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്കെതിരേ പരാതി. എഎപി എംഎല്‍എയും ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയാണ് ഡല്‍ഹി പോലിസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ബിജെപി ഡല്‍ഡി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത അടക്കം 200 ഓളം പേര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. ആദേശ് ഗുപ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള 200ഓളം പേരുമായി തന്റെ ഓഫിസന്റെ ഗെയ്റ്റ് തകര്‍ത്ത് ഓഫിസില്‍ അധികൃമിച്ചുകയറിയെന്ന് രാഘവ് ചദ്ദ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏതാനും പേര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ജല്‍ ബോര്‍ഡ് ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. അക്രമത്തിനു പിന്നില്‍ ബിജെപിയുമായി ബന്ധപ്പെട്ടവരാണെന്നാണ് എഎപി നേതാക്കള്‍ പറയുന്നത്.

''ബിജെപി ഗുണ്ടകള്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് ഓഫിസില്‍ അതിക്രമിച്ച് കയറി ഓഫിസ് തല്ലിത്തകര്‍ത്തു. അവര്‍ എന്നെ ചോദ്യം ചെയ്യുകയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയതിന്റെപേരില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹി പോലിസിന്റെ പിന്തുണയോടെയാണ് സംഭവമെന്ന് വ്യക്തമാണ്''- രാഘവ് ചദ്ദ ആരോപിച്ചു.

കര്‍ഷക സമരത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ് സിങ് ഇത് മനസ്സിലാക്കണമെന്നും രാഘവ് ചദ്ദ അഭിപ്രായപ്പെട്ടു.

അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ക്യാപ്റ്റന്‍ അമരീന്ദ് സിങ് തന്റെ ഫാം ഹൗസില്‍ നിന്ന് പുറത്തുവന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും ചദ്ദ കൂട്ടിച്ചേര്‍ത്തു.

Similar News