മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി

കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മറ്റ് നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു

Update: 2021-11-07 09:40 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണുണ്ടായതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന് കാത്തിരിക്കില്ല. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്റര്‍ ഗുരുതരമായ വീഴ്ചയാണുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടിയുണ്ടാവും. ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല. കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മറ്റ് നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ച് വാര്‍ത്താക്കുറുപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം മന്ത്രി അറിഞ്ഞിരുന്നില്ല.

മുല്ലപ്പെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അത്തരമൊരു വിഷയത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്നായിരുന്നു മന്ത്രി രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് മരം മുറി ഉത്തരവെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്ക് അനുമതി എന്നത് സങ്കീര്‍ണമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ ഉന്നയിച്ച മുഴുവന്‍ വാദങ്ങളും സ്വയം റദ്ദുചെയ്യുന്ന നടപടിയാണ് മരംമുറി ഉത്തരവോടെ ഉണ്ടായത്. ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്‌നാടിന് ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനാകും. പുതിയ ഡാം നിര്‍മിക്കണമെന്ന കേരള നിലപാട് ഇതോടെ അപ്രസക്തമാകും. മരങ്ങള്‍ മുറിക്കാതെ ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിയില്ല. ദീര്‍ഘകാലമായുള്ള തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതോടെ തടസം നീങ്ങുകയായിരുന്നു. ഭാവിയില്‍ കേരളത്തെ ദോഷകരമായി ബാധിക്കാനിടയുള്ള നിര്‍ണായക ഉത്തരവാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെയുണ്ടായത്.


എംകെ സ്റ്റാലിന്റെ നന്ദികുറുപ്പ്

ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് ഈ ദീര്‍ഘകാല അഭ്യര്‍ത്ഥന നിര്‍ണായകമായിരുന്നു. അനുമതി നല്‍കിയതോടെ ഇനി നടപടികള്‍ ആരംഭിക്കാം. ഈ അനുമതി നല്‍കിയതിന് എന്റെ സര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ഇത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഈ മനോഭാവം തുടരുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.


Tags: