മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; സര്‍ക്കാര്‍ സുപ്രീംകോടതിയിലെ കേസ് തോറ്റുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

ബേബി ഡാം ശക്തിപ്പെടുത്താന്‍ മറംമുറി ഉത്തരവ് നല്‍കിയത്, സുപ്രീംകോടതിയില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ വാദം ഇല്ലാതാക്കുകയാണ്. സുപ്രീംകോടതിയില്‍ കേസ് തോറ്റുകൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

Update: 2021-11-10 07:31 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഉത്തരവ് മാറ്റിവയ്ക്കുകമാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷം നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റേത് ആസൂത്രിതമായി നീക്കമാണ്. മുല്ലപ്പെരിയാറില്‍ ജൂണ്‍ 11ന് കേരള-തമിഴ്‌നാട് സംയുക്ത ഉദ്യോഗസ്ഥതല പരിശോധന നടന്നു. സെപ്തംബര്‍ 11ന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തി മരം മുറിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നിന് അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസും തമിഴ്‌നാടുമായി ചേര്‍ന്ന് നടത്തിയ യോഗത്തില്‍ മരം മുറിച്ച് നീക്കാമെന്ന് സുപ്രിംകോടതിയെ അറിയിക്കാന്‍ തീരുമാനിച്ചു.

ഇതനുസരിച്ചാണ് നവംബര്‍ അഞ്ചിന് മരം മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും വനം മന്ത്രിയും നിയമസഭയില്‍ മരം മുറി അറിഞ്ഞില്ല എന്നാണ് പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവിറക്കിയത്. മന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്.

ബേബി ഡാം ശക്തിപ്പെടുത്താന്‍ മരംമുറി ഉത്തരവ് നല്‍കിയത് സുപ്രീംകോടതിയില്‍ കേരളത്തിന്റെ കേസ് ഇല്ലാതാക്കുകയാണ്. ബേബി ഡാം ശക്തിപ്പെടുത്തി, ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്ന് തമിഴ്‌നാട് ആവിശ്യപ്പെടുന്നതോടെ കേരളത്തിന് പുതിയ ഡാം എന്നത് അപ്രസക്തമാവും. സുപ്രീംകോടതിയില്‍ കേസ് തോറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന കേരളത്തിന്റെ കേരള നിലപാട് തന്നെ ഇല്ലാതാവുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News