മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ജലവകുപ്പില്‍ നടന്ന യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ലെങ്കില്‍ എന്തിനാണ് ആ കസേരയിലിരിക്കുന്നത്.

Update: 2021-11-12 06:36 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുല്ലപ്പെരിയാര്‍ ഒരു അന്തര്‍സംസ്ഥാന പ്രശ്‌നമാണ്. അന്തര്‍സംസ്ഥാന വിഷയം മുഖ്യമന്ത്രിക്ക് കീഴിലാണെന്നും അദ്ദേഹത്തിന്റെ അറിവോടെയാണ് മരംമുറി ഉത്തരവിറക്കിയതെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജലവകുപ്പില്‍ നടന്ന യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ലെങ്കില്‍ എന്തിനാണ് ആ കസേരയിലിരിക്കുന്നത്. ചെറുപ്പക്കാരനായ മന്ത്രിയല്ലേ അദ്ദേഹം. മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്.

വനംമന്ത്രി എകെ ശശീന്ദ്രനും എന്താണ് വകുപ്പില്‍ നടക്കുന്നതെന്ന് അറിയില്ല. ഇതിനെല്ലാം മറുപടി പറയേണ്ട മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മനപ്പൂര്‍വമായ ഗൂഢാലോചന മരംമുറികാര്യത്തിലുണ്ടായിട്ടുണ്ട്. ഒരു ജുഡിഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ അത് പുറത്തുവരുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിഎജി റിപോര്‍ട്ടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്

പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍ ഡാം മാനേജ്‌മെന്റില്‍ പരാജയമുണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ്. ഡാം മാനേജ്‌മെന്റില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു.

2020 ല്‍ യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സി.എ.ജി റിപോര്‍ട്ടിലും പറയുന്നത്. ഇത്രയും വലിയ കടക്കെണിയില്‍ സംസ്ഥാനം നില്‍ക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും. 1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംഘപരിവാര്‍ സര്‍ക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സര്‍ക്കാരിന്റേത്. ഇടതുപക്ഷത്തു നിന്നുള്ള നയവ്യതിയാനമാണിത്.


Tags: