ഡല്‍ഹിയില്‍ കടുത്ത മൂടല്‍മഞ്ഞ്; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, 40ലധികം വിമാനങ്ങള്‍ വൈകി

Update: 2025-12-18 04:53 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കടുത്ത മൂടല്‍മഞ്ഞും തണുപ്പും. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട കനത്ത മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടു. 40 വിമാനങ്ങള്‍ വൈകിയതായും പത്തോളം സര്‍വീസുകള്‍ റദ്ദാക്കിയതായുമാണ് റിപോര്‍ട്ട്. മൂടല്‍മഞ്ഞ് വിമാന ഗതാഗതത്തിനൊപ്പം റെയില്‍വേ സര്‍വീസുകളെയും ഗുരുതരമായി ബാധിച്ചു. ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള 22ലധികം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.

പലയിടങ്ങളിലും കാഴ്ചാപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നതോടെ റോഡ് ഗതാഗതവും താറുമാറായി. നിലവിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്കോ റെയില്‍വേ സ്‌റ്റേഷനുകളിലേക്കോ തിരിക്കുന്നതിന് മുന്‍പ് സര്‍വീസ് സമയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം, മൂടല്‍മഞ്ഞിനൊപ്പം ഡല്‍ഹിയിലെ വായുമലിനീകരണ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ലയിടങ്ങളിലും 400നു മുകളിലാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കടുത്ത മൂടല്‍മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: