ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കാനഡയില്‍ ട്രാഫിക് ജാം: വിചിത്ര പ്രതിഷേധവുമായി സിഖ് ജനത

Update: 2020-12-02 18:34 GMT

ടൊറന്റോ: ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കാനഡയിലെ ടൊറന്റോ നഗരത്തില്‍ വിചിത്ര പ്രതിഷേധം. നൂറു കണക്കിന് കാറുകള്‍ തിരക്കുകൂടിയ സമയത്ത് വളരെ പതുക്കെ ഓടിച്ച് ട്രാഫിക് ജാം സൃഷ്ടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടിയില്ല. വാഹനങ്ങള്‍ ചലിക്കാതായപ്പോഴാണ് പലരും എന്തോ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് പലരും നിര്‍ത്തിയിട്ട കാറുകളിലിരുന്ന് ട്വീറ്റ് ചെയ്തു. ഏറെ നേരത്തിനു ശേഷമാണ് മനപ്പൂര്‍വം പതുക്കെ ഓടിക്കുന്ന കാറുകളാണ് ട്രാഫിക് ജാം സൃഷ്ടിച്ചതെന്ന് യാത്രക്കാര്‍ തിരിച്ചറിഞ്ഞത്. 

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് സംഭവം. ടൊറന്റൊവിലെ ഗാര്‍ഡിനര്‍ എക്‌സ്പ്രസ് വേയിലാണ് പ്രതിഷേധം അരങ്ങേറിയത്. കാറുകളില്‍ മഞ്ഞ തലപ്പാവു ധരിച്ച് മഞ്ഞക്കൊടികള്‍ വീശിയ ചിലര്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും ചെയ്തു. ട്രാഫിക് ജാം സംഭവിച്ച സമയം മുഴുവന്‍ ഉച്ചത്തില്‍ കാറിന്റെ ഹോണുകള്‍ മുഴക്കുകയും ചെയ്തിരുന്നു. പല തരം കാറുകളും എസ്‌യുവികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. 

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരേ പഞ്ചാബിലെ കര്‍ഷകര്‍ ഏതാനും ദിവസമായി ഡല്‍ഹിയില്‍ സമരപാതയിലാണ്.