ബജറ്റില്‍ വ്യാപാരികള്‍ക്ക് നിരാശയെന്ന് സംയുക്ത വ്യാപാരി യൂനിയന്‍

Update: 2021-06-07 12:45 GMT

പെരിന്തല്‍മണ്ണ: തകര്‍ന്നുകിടക്കുന്ന വ്യാപാര മേഖലയ്ക്കു ബജറ്റില്‍ ആശ്വാസം പകരുന്ന പദ്ധതികളുണ്ടാവുമെന്നു പ്രതീക്ഷിച്ചവരെ നിരാശയിലാഴ്ത്തിയെന്ന് സംയുക്ത വ്യാപാരി യൂനിയന്‍. നോട്ട് നിരോധനം, പ്രളയം, നിപ്പ, കൊവിഡിന്റെ ഒന്നും രണ്ടും വരവ് തുടങ്ങിയ പ്രയാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടി നില്‍ക്കുന്നത് വ്യാപാരി സമൂഹമാണ്. ആയിരക്കണക്കിന് കടകള്‍ ഇക്കാലയളവില്‍ പൂട്ടിക്കഴിഞ്ഞു. ഉള്ളവ തന്നെ ലോക്ക് ഡൗണ്‍ കഴിഞ്ഞ് കടകള്‍ തുറന്ന് മുന്നോട്ടുപോവാന്‍ ഏറെ പ്രയാസപ്പെടും. ഓണ്‍ലൈന്‍ കുത്തക ഭീമന്‍മാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കച്ചവടം ചെയ്യാന്‍ അനുവദിച്ച് ചെറുകിട ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് കാണാന്‍ കഴിയുന്നത്. ആയതിനാല്‍ വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി വ്യാപാരി സമൂഹത്തേ കടക്കെണിയില്‍ നിന്നു കരകയറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

    പലിശ രഹിത വായ്പകള്‍ അനുവദിക്കുക, നിലവിലുള്ള വായ്പകള്‍ക്ക് പലിശ രഹിത മോറട്ടേറിയം പ്രഖ്യാപിക്കുക, വാടക ഇളവ് അനുവദിക്കുക, ഇലക് ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, വാക്‌സിനേഷനില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കുക, കൊവിഡ് മൂലം മരണപെട്ട വ്യാപാരികളുടെ കുടുബത്തിന് സാമ്പത്തിക സഹായം നല്‍കുക, പ്രളയ സെസ് ഒഴിവാക്കുക, റോഡ് വികസനത്തില്‍ കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12 ശതമാനം മുതല്‍ 5 ശതമാനം എന്നീ നിരക്കിലുള്ള ജിഎസ്ടി 5 ശതമാനത്തിലേക്ക് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനും ഓണ്‍ലൈനില്‍ ചേര്‍ന്ന വിവിധ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

    ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ശാദി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ടെക്‌സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദര്‍റഹ്മാന്‍ ഹാജി, വിവിധ അസോസിയേഷനുകളെ പ്രധിനിധികരിച്ച് എം എന്‍ മുജീബ് റഹ്മാന്‍, എം പി നാസര്‍ പാണ്ടിക്കാട്(കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍), മുഹമ്മദ് കുട്ടി റബിയ(മൊബൈല്‍ ഫോണ്‍ റീട്ടെയ്ല്‍ അസോസിയേഷന്‍ ഓഫ് കേരള), അബ്ദുസ്സമദ്(ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍), മൊയ്തീന്‍ കുട്ടി എന്ന ബാവ(ബേക്കേഴ്‌സ് അസോസിയേഷന്‍), മുബാറക് ശംസുദ്ദീന്‍(കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍), സിദ്ദീഖ്, അബ്ദുല്‍ അസീസ്(ടൈല്‍സ് ആന്റ് സാനിറ്ററീസ് അസോസിയേഷന്‍), യൂസുഫ് കാസിനോ(ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍), നാസര്‍ പുഞ്ചിരി(ഫാന്‍സി അസോസിയേഷന്‍), റെജി അബ്രഹാം പൂക്കോട്ടുപാടം(ഇലക്ട്രിക്ക് ആന്റ് പ്ലംബിങ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍), അബ്ദു ഹാജി(ഗ്ലാസ് ഡീലേഴ്‌സ് അസോസിയേഷന്‍), സുരേഷ് (സിമന്റ് ീലേഴ്‌സ് അസോസിയേഷന്‍) സംസാരിച്ചു.

Traders are disappointed in budget: Joint Traders Union

Tags:    

Similar News