ടൂള്‍കിറ്റ് വിവാദം: സാംബിത്ത് പത്രയ്‌ക്കെതിരേ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പോലിസിന്റെ നോട്ടിസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ലെറ്റര്‍ ഹെഡില്‍ വ്യാജരേഖ നിര്‍മിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ടൂള്‍കിറ്റ് ആരോപണം ഉന്നയിച്ച ബിജെപി വക്താവ് സാംബിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കാനും മൊഴിനല്‍കാനും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ഡല്‍ഹി പോലിസിന്റെ നോട്ടിസ് ലഭിച്ചത്.
തങ്ങളുടെ പരാതി ഛത്തിസ്ഗഢ് പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും രാജീവ് ഗൗഢ പോലിസിനെ അറിയിച്ചു.
മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സാംബിത് പത്രക്കെതിരേ ഛത്തിസ്ഗഢിലും രാജസ്ഥാനിലും അന്വേഷണം നടക്കുന്നത്. ട്വീറ്റ് ചെയ്ത സാംബിത്ത് പത്രക്കും പോസ്റ്റ് ഷെയര്‍ ചെയ്ത മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ടൂള്‍കിറ്റ് നിര്‍മിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെയും കൊവിഡ് പ്രതിരോധത്തെയും തകര്‍ക്കുകയാണെന്ന ആരോപണവുമായി ബിജെപി വക്താവ് സാംബിത്ത് പത്ര മെയ് 18നാണ് ട്വീറ്റ് ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് ട്വിറ്ററിന് പരാതി നല്‍കി. സാംബിത് പത്ര പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും തങ്ങളുടെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മിച്ചതാണെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാംബിത് പത്രയുടെ ട്വീറ്റില്‍ രേഖയോടൊപ്പം മാനിപ്പുലേറ്റഡ് മീഡിയ എന്ന ടാഗ് ലൈന്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ കൊവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം, മോദി വകഭേദമെന്നും കുംഭമേളയെ സൂപ്പര്‍ സ്പെഡര്‍ കുംഭ എന്നും വിശേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സാംബിത് പത്രയുടെ ആരോപണം.
അടുത്ത ദിവസം ടാഗ് നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ട്വിറ്ററിനെഴുതി. ഡല്‍ഹി പോലിസ് നോട്ടിസും അയച്ചു. മാനിപ്പുലേറ്റഡ് മീഡിയ എന്ന് രേഖപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ കഴിഞ്ഞ ദിവസം പോലിസ് ട്വിറ്റര്‍ ഓഫിസിലെത്തിയിരുന്നു. പക്ഷേ, ഓഫിസ് അടഞ്ഞുകിടന്നിരുന്നതൊണ്ട് അവര്‍ക്ക് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല.
