ചരിത്രം തീര്‍ത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; പങ്കെടുക്കുന്നത് 500പേരില്‍ താഴെയെന്നു മുഖ്യമന്ത്രി
വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷം; ഔചിത്യമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുചരിത്രം രചിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ അണിനിരത്തിയുള്ള മന്ത്രിസഭയാണ് നാളെ അധികാരമേല്‍ക്കുന്നത്. ചരിത്ര സംഭവമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച രണ്ടാം ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നാളെ നടക്കുന്നത്. വലിയ ആഘോഷമായി നടത്താനാണ് ഇടതു പക്ഷം ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചടങ്ങ് ചുരുക്കേണ്ടി വന്ന വിഷമം മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് വൈകീട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. 500 പേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി ആളുകളെ കുറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതു മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. മാമാങ്കമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത് പോലെ ചടങ്ങു വെര്‍ച്യുലായി ടിവിയുടെ കാണുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം കൂടി ഉണ്ടാവേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനാവില്ലല്ലോ. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോ അവര്‍ ഇങ്ങനെയാണോ പ്രര്‍ത്തിക്കേണ്ടതെന്ന് അവര്‍ തീരുമാനിക്കണം. അത് ശരിയായ രീതിയല്ല. പ്രതിപക്ഷത്തിന്റെ സാന്നിധ്യമേ വേണ്ട എന്നത് ഔചിത്യമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരും വകുപ്പുകളും(സാധ്യത)
മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി
കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം
എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്
കെ എന്‍ ബാലഗോപാല്‍-ധനകാര്യം
വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍
ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം
വീണാ ജോര്‍ജ്ജ്-ആരോഗ്യം
പി രാജീവ്-വ്യവസായം, നിയമം
വിഎന്‍ വാസവന്‍- സഹകരണം,രജിസ്‌ട്രേഷന്‍
വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും
പി പ്രസാദ്-കൃഷി
ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം
കെ രാജന്‍-റവന്യൂ
ജി ആര്‍ അനില്‍-ഭക്ഷ്യ,സിവില്‍ സപ്ലൈസ്
റോഷി അഗസ്റ്റിന്‍-ജലവിഭവം
എ കെ ശശീന്ദ്രന്‍-വനം
കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്
അഹ്മദ് ദേവര്‍കോവില്‍-തുറമുഖം,പുരാവസ്തു,മ്യൂസിയം
ആന്റണി രാജു-ഗതാഗതം

