യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്ഡിപിഐ

പ്രവാചകനെക്കുറിച്ച് ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അനന്തരഫലമാണ് കാണ്‍പൂരിലെ അസ്വസ്ഥത

Update: 2022-06-08 09:52 GMT

ന്യൂഡല്‍ഹി: സമീപകാലത്ത് കാണ്‍പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍ മറയാക്കി മുസ്‌ലിം കുറ്റാരോപിതരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും വസതികളും കെട്ടിടങ്ങളും തകര്‍ക്കാനുമുള്ള യുപി സര്‍ക്കാരിന്റെ ഭീകരപദ്ധതിയെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ശക്തമായി അപലപിച്ചു. പ്രവാചകനെക്കുറിച്ച് ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അനന്തരഫലമാണ് കാണ്‍പൂരിലെ അസ്വസ്ഥത.

വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ എന്നും രാജ്യത്തെ നിയമത്തെ മാനിക്കാത്തവരാണ്. കപട ദേശഭക്തര്‍ സ്വപ്‌നം കാണുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ മാതൃകയാണ് അജയ് ബിഷ്ത് എന്ന ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശ്. നിയമവാഴ്ച അവര്‍ക്ക് അന്യമാണ്. പൗരത്വ നിഷേധത്തിനെതിരായ പ്രതിഷേധം സംബന്ധിച്ച് 'നിങ്ങള്‍ പരാതിക്കാരനും പ്രോസിക്യൂട്ടറും വിധികര്‍ത്താവുമാണ്' എന്ന സ്വത്ത് പിടിച്ചെടുക്കല്‍ കേസുകളില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും യുപി സര്‍ക്കാര്‍ പരാതിക്കാരനായും പ്രോസിക്യൂട്ടറായും വിധികര്‍ത്താവായും തുടരുന്നു. പ്രതികളെ ശിക്ഷിക്കാന്‍ സര്‍ക്കാരിനോ ഏതെങ്കിലും ഭരണകൂടത്തിനോ അധികാരമില്ല. ശിക്ഷകള്‍ തീരുമാനിക്കേണ്ടത് ജുഡീഷ്യറിയാണ്.

ആദിത്യനാഥ് സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബുള്‍ഡോസര്‍ ഗുണ്ടായിസത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ നീതിയ്ക്കായി ജനകീയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്നും ഷറഫുദ്ദീന്‍ അഹമ്മദ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. 

Tags: