ഏകാധിപത്യ ഭരണം നടപ്പാക്കാന്‍ രൂപപ്പെടുത്തിയ ലോകായുക്ത ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

ലോകായുക്തയുടെ അധികാരങ്ങളെ ഇല്ലാതാക്കി പാര്‍ട്ടിക്കാര്‍ക്ക് അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കാന്‍ വഴിയൊരുക്കുകയാണ് ഇടതു ഭരണകൂടം

Update: 2022-02-23 07:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാര്‍ക്ക് അരങ്ങുവാഴാന്‍ അവസരമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭാ മാര്‍ച്ച് ആവശ്യപ്പെട്ടു. കേരളത്തില്‍ ഏകാധിപത്യ ഭരണമാണ് ഓര്‍ഡിനന്‍സിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. വനിതാ കമ്മീഷന്റെയും ലോകായുക്തയുടെയും അധികാരങ്ങളെ ഇല്ലാതാക്കി പാര്‍ട്ടിക്കാര്‍ക്ക് അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കാന്‍ വഴിയൊരുക്കുകയാണ് ഇടതു ഭരണകൂടം ചെയ്യുന്നത്. കെടി ജലീലിന്റെ ബന്ധു നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത സ്വീകരിച്ച നടപടി ഉള്‍പ്പെടെ സര്‍ക്കാറിനെതിരെയുള്ള വിവിധ ആരോപണങ്ങളെ ഓര്‍ഡിനന്‍സിലൂടെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേയുള്ള ആരോപണത്തിലെ അന്വേഷണത്തില്‍ നിന്ന് ലോകായുക്തയെ തടഞ്ഞുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാറും ഗവര്‍ണറും ചേര്‍ന്ന് നാടകീയ ഒത്തുകളിയാണ് നടത്തി വരുന്നത്. ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുന്നതിന് ഗവര്‍ണര്‍ക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ജനാധിപത്യപരമായ എതിര്‍പ്പുകളെ മറികടന്നു ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായത് ചില ഒത്തുതീര്‍പ്പുകളുടെ ഭാഗമായിട്ടാണ്. സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഏകാധിപത്യ ശ്രമങ്ങള്‍ക്ക് സംസ്ഥാനത്ത് അവസരമൊരുക്കുക എന്ന ഗവര്‍ണറുടെ ലക്ഷ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ കുടപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഭരണഘടനാ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള വഞ്ചനാപരമായ ഗവര്‍ണര്‍ -ഇടതു സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ഇസി ആയിശ, സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി, എഫ്‌ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുജീബ് റഹ്മാന്‍, വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ഖജാന്‍ജി മുംതാസ് ബീഗം, മിര്‍സാദ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ് എന്‍എം അന്‍സാരി സംസാരിച്ചു.

പ്രസ്‌ക്ലബിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പിഎ അബ്ദുല്‍ ഹക്കീം, എസ് ഇര്‍ഷാദ്, സഫീര്‍ ഷാ, അഡ്വ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News