പൗരത്വ ഭേദഗതിബില്‍: ടി എന്‍ പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

മതകീയമായ അതിക്രമങ്ങള്‍ കാരണമായി പലായനം ചെയ്തവരെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെയും മ്യാന്മറില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും ഈ ബില്‍ ഉള്‍കൊള്ളാത്തത് എന്തുകൊണ്ടാണ്.

Update: 2019-12-12 12:37 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ച് ടി എന്‍ പ്രതാപന്‍ എംപി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. ഭരഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ലംഘിക്കുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ ജനങ്ങളെ വര്‍ഗീയതെയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണെന്നും ഈ ബില്‍ ഒപ്പിടാതെ തിരിച്ചയക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് കത്ത്.

ഭരണഘടനയെ ലംഘിച്ചു കൊണ്ട് ഒരു ബില്‍ പാസാക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന ഒരുപാര്‍ലമെന്റ് അംഗമെന്ന നിലക്കല്ല ഈ കത്തെഴുതുന്നത്. പകരം ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലും ഭരണഘടനാ അവകാശങ്ങളിലും വിശ്വാസമര്‍പ്പിക്കുന്ന ഒരു സാധാരണ പൗരന്‍ കൂടിയാണ് കത്തെഴുതുന്നതെന്ന് ടി എന്‍ പ്രതാപന്‍ പറയുന്നു.

ഭരണഘടനയുടെ 14, 21, 25 ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനമാണ് പൗരത്വ ഭേദഗതി ബില്‍. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദശ് എന്നീ മൂന്ന് അയല്രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, പാഴ്‌സി, ജൈന, ബുദ്ധ, െ്രെകസ്തവ, സിഖ് സമുദായങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ലെന്നതാണ് ബില്‍ പറയുന്നത്. മേല്‍പറഞ്ഞസമുദായനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയിരിക്കുകയാണ്. ഭരണഘടനാ നല്‍കുന്ന തുല്യതക്ക് വേണ്ടിയുള്ള അവകാശത്തെയാണ് ഇതോടെ ബില്‍ നിരാകരിച്ചിരിക്കുന്നത്. 2018ലെ നവജീത് ജോഹര്‍ vs ഭാരത സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ റൂളിംഗിനെയും ബില്‍ തകിടം മറിക്കുന്നു. ഒരാളുടെ തീര്‍ത്തും വൈയക്തികമായ ഒരു സവിശേഷതയുടെ അടിസ്ഥാനത്തില്‍ വിവേചനത്തിരയാക്കുന്ന ഒരു നിയമവും സാധൂകരിയ്ക്കപ്പെടില്ല എന്നായിരുന്നു അത്. എന്നാല്‍ ഈ ബില്‍ അതിനെ ലംഘിച്ചിരിക്കുന്നു എന്ന് പ്രതാപന്‍ ചൂണ്ടിക്കാണിക്കുന്നു.

മതകീയമായ അതിക്രമങ്ങള്‍ കാരണമായി പലായനം ചെയ്തവരെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെയും മ്യാന്മറില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും ഈ ബില്‍ ഉള്‍കൊള്ളാത്തത് എന്തുകൊണ്ടാണ്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് ഈ ബില്ലിലെന്നും ടി എന്‍ പ്രതാപന്‍ ആരോപിക്കുന്നു.

മതനിരപേക്ഷതയെന്ന ഭാരതത്തിന്റെ അടിസ്ഥാന ശിലയെ തകര്‍ക്കുന്നതാണ് ഈ ബില്‍. ഇതിന്റെ തുടര്‍ച്ചയെന്നോണം രാജ്യവ്യപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാല,യം പ്രഖ്യാപിച്ചുകഴിഞ്ഞു. 2020 ഏപ്രില്‍ ഒന്നുമുതല്‍2020 സെപ്റ്റംബര്‍ മുപ്പതുവരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിയ്ക്കപ്പെടുമെന്ന് കരുതുന്ന ഈ പ്രക്രിയക്കൊടുവില്‍ മുസ്‌ലിംകള്‍ മാത്രം 'രാജ്യമില്ലാത്തവര്‍' ആയിത്തീരുന്നു സാഹചര്യമാണ് ബില്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന ഒരു ബില്‍ എങ്ങനെ സാധൂകരിക്കപ്പെടുമെന്ന് പ്രതാപന്‍ ചോദിക്കുന്നു.

നാസി ജര്‍മനിയില്‍ ജൂതന്മാരെ വംശഹത്യക്ക് വിധേയമാക്കാന്‍ ഉപയോഗിച്ച ന്യൂറംബര്‍ഗ് വംശീയ നിയമത്തിന്റെയും ലോകത്തിലേറ്റവും കൂടുതല്‍ പീഡിതരായ ജനതയെന്ന് ഐക്യ രാഷ്ട്ര സഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ച 1982ല്‍ മ്യാന്മറില്‍ നടപ്പിലാക്കിയ ബര്‍മ്മ പൗരത്വ ബില്ലിന്റെയും ഇന്ത്യന്‍ പകര്‍പ്പാണ് ഈ ബില്ലെന്നും ഇത് നടപ്പിലാക്കുന്ന പക്ഷം രാജ്യം അതിന്റെ അടിസ്ഥാന താല്പര്യങ്ങളെ കൊന്നു കുഴിച്ചുമൂടുകയാണെന്നും ടി എന്‍ പ്രതാപന്‍ എം പി ചൂണ്ടിക്കാണിക്കുന്നു.

പാര്‍ലമെന്റ് കടന്ന ഈ വര്‍ഗ്ഗീയവും വിവേചനപരവും ഭരഘടനാ വിരുദ്ധവുമായബില്‍ പ്രഥമ പൗരനെന്ന നിലക്ക്രാഷ്ട്രപതി തടയുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ ടി എന്‍ പ്രതാപന്‍ പറയുന്നു. ഈ ബില്‍ പാസാക്കാന്‍ അങ്ങ് കൂട്ടുനിന്നാല്‍ ഭരണഘടന സംരക്ഷിക്കാതിരുന്നതിന്റെ പേരില്‍ ചരിത്രം വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് രാഷ്ട്രപതിക്കുള്ളകത്ത് അവസാനിക്കുന്നത്.

Tags:    

Similar News