ടി എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം; പൊന്നാനിയില്‍ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍

Update: 2021-03-08 12:44 GMT

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സിപിഎമ്മിലെ സീറ്റ് വിവാദം തെരുവിലേക്ക്. ടി എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ പ്രകടവുമായി തെരുവിലിറങ്ങി. നേതാക്കളെ പാര്‍ട്ടി തിരുത്തുമെന്നും പാര്‍ട്ടിയെ ജനം തിരുത്തുമെന്നും എഴുതിയ ബാനറിനു പിന്നില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നിട്ടുണ്ട്.

രണ്ട് തവണ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന സിപിഎം നയത്തിന്റെ ഭാഗമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പൊന്നാനി സീറ്റില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് സിദ്ദിഖിനെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ ടി എം സിദ്ദിഖിനു പകരം സിഐടിയു ദേശീയ സെക്രട്ടറിയായ പി നന്ദകുമാറിനെ പരിഗണിച്ചേക്കുമെന്നതാണ് പ്രതിഷേധത്തിനു കാരണം.