മടവീണ് നഷ്ടംനേരിട്ട കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം

Update: 2022-08-08 11:56 GMT

ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയ്ക്ക് പുറമേ സംസ്ഥാനത്തും വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി കര്‍ഷകര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് സേവനം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. ബണ്ടുകളുടെ ഫലപ്രദമായ സംരക്ഷണത്തിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.

അടിയന്തരമായി വെള്ളം വറ്റിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടു മൂലം തകരാറിലായ കുട്ടനാട്ടിലെ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തില്‍ മടവീഴ്ചയെ തുടര്‍ന്ന് താഴ്ന്നുപോയ മുപ്പത്തഞ്ചില്‍ ചിറ ജയകുമാറിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു.

2018ലെ പ്രളയത്തില്‍ പൂര്‍ണമായും നശിച്ചശേഷം റീബില്‍ഡ് കേരള പദ്ധതിയിലൂടെ നിര്‍മിച്ച വീടാണ് വീണ്ടും തകര്‍ന്നത്. വീടിന്റെ നഷ്ടം തിട്ടപ്പെടുത്തി റിപോര്‍ട്ട് ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഈ കുടുംബത്തിന് സാമ്പത്തിക സഹായം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.