ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമെന്ന് ബിജെപി മന്ത്രി

പൗരന്‍മാര്‍ക്ക് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ബിജെപി നീക്കം ശക്തമാണെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം.

Update: 2020-02-27 02:03 GMT

ബംഗളൂരു: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമായെന്ന് കര്‍ണാടക ബിജെപി മന്ത്രി സിടി രവി. ബിജെപിയുടെ രൂപീകരണം കാലംമുതലേയുള്ള അജണ്ടയാണിത്. ഏക സിവില്‍കോഡിനെ പറ്റി അന്നു ആരും സംസാരിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് എല്ലാവരും സംസാരിക്കുന്നത് സമത്വത്തെ കുറിച്ചാണ്. ഇപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാര്‍ക്ക് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ബിജെപി നീക്കം ശക്തമാണെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം.ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്. ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്.

ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ദേശീയതലത്തില്‍ കമ്മീഷന്‍ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ നേരത്തെ നീക്കം നടന്നിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗം കിറോഡി ലാല്‍ മീണ യാണ് ബില്ല് അവതരിപ്പിക്കാന്‍ നീക്കം നല്‍കിയത്. അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പിന്‍മാറേണ്ടി വന്നു.

ആര്‍എസ്എസും ബിജെപിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍ നിയമം.ഏത് മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് .

Tags:    

Similar News