ഗാസിയാബാദ് നഗരത്തില്‍ പുലി; പുറത്തിറങ്ങാതെ നാട്ടുകാര്‍

ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരനെ മുറിയില്‍ പതുങ്ങിയിരുന്ന പുലി ആക്രമിക്കാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റു ജീവനക്കാര്‍ കല്ലും വടിയും ഉപയോഗിച്ച് ചെറുത്തതോടെ പുലി ഒരു മരത്തില്‍ കയറി.

Update: 2020-11-26 03:11 GMT

ഗാസിയാബാദ്: ഗാസിയാബാദിലെ രാജ്നഗര്‍ പ്രദേശത്ത് പുലിയെ കണ്ടതോടെ ജനം ഭീതിയില്‍. ഗാസിയാബാദ് ഡവലപ്മെന്റ് അതോറിറ്റി (ജിഡിഎ) വൈസ് ചെയര്‍പേഴ്സന്റെ ജനറേറ്റര്‍ മുറിയില്‍ പുള്ളിപ്പുലി എത്തിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരനെ മുറിയില്‍ പതുങ്ങിയിരുന്ന പുലി ആക്രമിക്കാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റു ജീവനക്കാര്‍ കല്ലും വടിയും ഉപയോഗിച്ച് ചെറുത്തതോടെ പുലി ഒരു മരത്തില്‍ കയറി. പിന്നീട് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് രക്ഷപ്പെട്ടു.

രാജ്‌നഗറില്‍ റോഡിലൂടെ പുലി നടന്നുപോകുന്ന വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പുലിയെ കൂട്ടിലാക്കാന്‍ വനം വകുപ്പിന്റെ അഞ്ച് സംഘങ്ങളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു. പുലിയെ പിടികൂടുന്നതുവരെ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News