കടുവാ ഭീതി; വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി, തൊണ്ടര്‍നാട് ഹര്‍ത്താല്‍

Update: 2023-01-12 15:57 GMT

കല്‍പ്പറ്റ: ആളെക്കൊല്ലി കടുവയുടെ സാന്നിധ്യം ഭീതിയുണര്‍ത്തുന്ന സാഹചര്യം പരിഗണിച്ച് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും യുഡിഎഫ് ആവശ്യമുന്നയിക്കുന്നു. വയനാട് മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ പറ്റില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Tags: