മൂന്നാറിലെ ജനവാസമേഖലയിലിറങ്ങിയ കടുവ പിടിയില്‍

Update: 2022-10-05 01:07 GMT

ഇടുക്കി: മൂന്നാറിലെ രാജമല മേഖലയില്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ കടുവയെ പിടികൂടി. നെയ്മക്കാട് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന്‍ എന്നയാളെ കടുവ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട പ്രദേശത്തുനിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്. നെയ്മക്കാട് 10 പശുക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ കടുവ കൊന്നിരുന്നു.

നിരവധി പശുക്കള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കടുവയെ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധവും നടത്തി. എന്നാല്‍, ഇതിനുശേഷവും കടുവയുടെ ആക്രമണമുണ്ടായി. തുടര്‍ന്നാണ് അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിര്‍ദേശം നല്‍കുകയും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും ചെയ്തത്.

Tags: