പഞ്ചാബ് -പാകിസ്താന്‍ അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്‌സ് ബോംബ്

Update: 2021-09-18 18:48 GMT

അമൃത്‌സര്‍: പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ നിന്ന് ഐഇഡി നിറച്ച ഒരു ടിഫിന്‍ ബോക്‌സ് ബോംബ് കണ്ടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു.

സിദ്ദു മുഖ്യമന്ത്രിയായാല്‍ സുരക്ഷാ ഭീഷണിക്ക് കാരണമായേക്കുമെന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദറിന്റെ ആരോപണം സംഭവത്തിന് മറ്റൊരു വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അമൃത് സര്‍ റൂറല്‍ എസ്എസ്പി ഗുല്‍നീത് സിങ് ഖുറാന പറയുകയും ചെയ്തു. ബിയാസ്, നന്‍ഗല്‍, ബട്ടാല, തരുന്‍ തരന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു മോട്ടോര്‍ സൈക്കിള്‍ ബോംബ് കേസിലെ പ്രതിയെ ശനിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചില പ്രദേശങ്ങളില്‍ ബോംബ് സ്ഥാപിക്കാനായിരുന്നു പദ്ധതിയെന്ന് പ്രവീണ്‍ കുമാര്‍ മൊഴി നല്‍കി.

ആഗസ്ത് 2021ന് അമൃത്‌സറില്‍നിന്ന് 5 ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തിയിരുന്നു.