കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള സേനാപിന്മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ഇന്ത്യ

Update: 2022-07-07 18:10 GMT

ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ സേനാ പിന്‍മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ജിഇരുപത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സേന പിന്‍മാറ്റം ചര്‍ച്ച ചെയ്യാന്‍ കമാന്‍ഡര്‍തല യോഗം എത്രയും വേഗം വിളിക്കാന്‍ ഇരു വിദേശകാര്യമന്ത്രിമാരും ധാരണയിലെത്തി. നയതന്ത്രതല ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചു.

കൊവിഡ് കാരണം ചൈനയില്‍ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ വിവോ കമ്പനിക്കെതിരായ അന്വേഷണം രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നതയ്ക്ക് ഇടയാക്കുകയാണ്. വിവോയ്‌ക്കെതിരായ കുഴല്‍പ്പണ കേസില്‍ ഇഡി നാല്‍പതിടങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. കമ്പനിക്ക് എല്ലാ സഹായവും നല്‍കുമെന്ന് ചൈന ഇന്ന് വ്യക്തമാക്കി.