വാര്‍ഷിക പദ്ധതി സമര്‍പ്പണത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി തൃശൂര്‍

Update: 2022-07-29 01:06 GMT

തൃശൂര്‍: വാര്‍ഷിക പദ്ധതി സമര്‍പ്പണത്തിലും അംഗീകാരത്തിലും സംസ്ഥാനത്ത് ഒന്നാമതായി തൃശൂര്‍. ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികളുടെയും അംഗീകാരം പൂര്‍ത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022-23 വര്‍ഷം നടപ്പിലാക്കുന്ന മുഴുവന്‍ പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 10 ഗ്രാമപഞ്ചായത്ത്, ഒരു ബ്ലോക്ക്, 3 മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി 15 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടിയാണ് അംഗീകാരം നല്‍കിയത്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയ പരിധിക്കുള്ളില്‍ ജില്ലയിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി അംഗീകാരം ലഭ്യമാക്കി. സംയുക്ത പദ്ധതികള്‍ക്ക് എല്ലാം തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടുണ്ട്. കാന്‍ തൃശൂര്‍, ശുഭാപ്തി, സമേതം, എ ബി സി തുടങ്ങിയ പ്രധാന പദ്ധതികള്‍ക്കെല്ലാം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടുണ്ട്.

ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ ആസൂത്രണ സമിതി ഗവണ്മെന്റ് നോമിനി ഡോ.എം എന്‍ സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ ജനകീയാസൂത്രണം ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.