ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മൂന്ന് വയസുകാരന്‍ അലിയുല്‍ മുര്‍ത്തലാഹ്

Update: 2022-04-21 16:40 GMT

പരപ്പനങ്ങാടി: അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരനായ അലിയുല്‍ മുര്‍ത്തലാഹ്. നിരത്തി വെച്ച വിശ്വവിഖ്യാതരുടെ ചിത്രങ്ങളില്‍ നിന്നും അവരുടെ പേരുകള്‍ തിരിച്ചറിഞ്ഞു പറയുന്നതാണ് അലി മോന്റെ സവിശേഷമായ കഴിവ്.

ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പടങ്ങളില്‍ നോക്കി തെറ്റാതെ പേരുപറയാനും ഇന്ത്യക്കുപുറത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരും ഹൃദിസ്ഥമാണ് ഈ മൂന്നു വയസുകാരനായ മിടുക്കന്. പേപ്പര്‍ കപ്പുകളുടെ ശ്രമകരമായ ബാലന്‍സിങ്ങും വിവിധ ആകൃതിയിലുള്ള രൂപങ്ങളുടെ പുന:ക്രമീകരണവും മുര്‍ത്തലാഹിന് എളുപ്പമാണ്. മകന്റെ പ്രത്യേക കഴിവുകള്‍ മനസിലാക്കി വീഡിയോ ചിത്രീകരിച്ച് റിക്കോര്‍ഡിനായി അയച്ചുകൊടുത്തത് ഉമ്മതന്നെയാണ്. ഏപ്രില്‍ 16 ഓടെയാണ് ഈ കുഞ്ഞു പ്രതിഭക്ക് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റെ അംഗീകാരം തേടിയെത്തുന്നത്. ചെട്ടിപ്പടി കീഴ്ചിറയിലെ പട്ടത്തൊടിക ഉവൈസ്-ഹാദിയ ദമ്പതികളുടെ ഏകമകനാണ് അലിയുല്‍ മുര്‍ത്തലാഹ്.

Tags: