ഭോപാല്‍: മാലിന്യക്കുഴല്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് മധ്യപ്രദേശിലെ സിംഗൗളി ജില്ലയില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. കുഴല്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
മധ്യപ്രദേശിലെ കാന്‍ഞ്ചി ഗ്രാമത്തിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് സംഭവം നടന്നത്. കെ കെ സ്പണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അഴുക്കുചാലിന്റെ മെയിന്‍ഡനന്‍സ് നടത്താന്‍ കരാറെടുത്തിരുന്നത്.
കനയ്യ യാദവ് എന്ന 35കാരനാണ് ആദ്യം പൈപ്പ് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഉപകരണം ആവശ്യപ്പെട്ടതോടെ രണ്ടാമന്‍ ഇന്ദ്രഭന്‍ സിങ് (24) ഇറങ്ങി. ഉപകരണങ്ങളുമായാണ് അദ്ദേഹം താഴെയിറങ്ങിയത്.
രണ്ട് പേരുടെയും വിവരമില്ലാതായതോടെ മൂന്നാമതൊരാള്‍ കൂടെയിറങ്ങി. നരേന്ദ്ര രാജാക്ക്(30) ആണ് മൂന്നാമത്തെയാള്‍. രാജാക്കില്‍ നിന്നു വിവരമൊന്നുമില്ലാതായപ്പോഴാണ് സൂപ്പര്‍വൈസര്‍ ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചത്.
വിവരം ലഭിച്ചതോടെ സിഐഎസ്എഫ്, എസ്ഡിആര്‍എഫ്, സിഐഎസ്എഫ് തുടങ്ങിയ ഏജന്‍സികള്‍ സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടങ്ങി.
മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് തൊഴിലാളികള്‍ താഴെയിറങ്ങിയതെന്ന് പോലിസ് പറഞ്ഞു. കുടുംബം റോഡുകള്‍ ഉപരോധിച്ചു.
മധ്യപ്രദേശ് വൈയ്ധാന്‍ സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൈറ്റ് എഞ്ചിനീയര്‍ ഉത്തം കുമാര്‍, സൂപ്പര്‍ വൈസര്‍ സലാവുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.
