ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അമിതമായ ഓണ്‍ലൈന്‍ ഗെയിമിങ് ശീലത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മൂന്നു സഹോദരിമാര്‍ ജീവനൊടുക്കി. നിഷിക (16), പ്രാചി (14), പാഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ഭാരത് സിറ്റി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം.
കുട്ടികള്‍ കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് അധിഷ്ഠിത ഗെയിമുകളോട് അടിമത്തം പുലര്‍ത്തിയിരുന്നുവെന്നും, ഇതിനെതിരേ മാതാപിതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. 'അമ്മേ, അച്ഛാ, ക്ഷമിക്കണം' എന്ന കുറിപ്പുള്ള ഒരു പേജ് വരുന്ന കത്ത് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണുകളില്‍ അമിതമായി സമയം ചെലവഴിക്കുകയും ഗെയിമിങ് ആപ്പുകളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. ഓണ്‍ലൈന്‍ സംഭാഷണങ്ങളും ആപ്പ് ഉപയോഗ ചരിത്രവും വിശകലനം ചെയ്യുന്നതിനായി സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.