ബഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണ് പുതിയ ആക്രമണം.

Update: 2020-01-21 04:17 GMT

ബഗ്ദാദ്: ബഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം.  യു.എസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ബഗ്ദാദ് നഗരത്തിനു പുറത്ത് സഫറാനിയ്യയില്‍ നിന്നാണ് മൂന്ന് റോക്കറ്റുകളും വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബഗ്ദാദിലെ യുഎസ് എംബസി ലക്ഷ്യം വെച്ച് നേരത്തെയും റോക്കറ്റാക്രമണം നടന്നിരുന്നു. ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണ് പുതിയ ആക്രമണം. ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകകളാണ് ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും ബഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു.