ബ്രിട്ടനില്‍ നിന്ന് മൂന്ന് ഓക്‌സിജന്‍ ജനറേറ്ററുകളും 1,000 വെന്റിലേറ്ററുകളും എത്തി

Update: 2021-05-09 05:19 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സഹായത്തിന്റെ ഭാഗമായി ബ്രിട്ടനില്‍ നിന്ന് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ എത്തിച്ചേര്‍ന്നു. ആയിരം വെന്റിലേറ്ററുകളും മൂന്ന് ഓക്‌സിജന്‍ ജനറേറ്ററുകളുമാണ് ബ്രിട്ടനില്‍നിന്നെത്തിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് ലഭിച്ച സഹായത്തിന് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

ബ്രിട്ടനില്‍ നിന്ന് ലഭിച്ച മൂന്നു ജനറേറ്ററുകളില്‍ ഓരോന്നും മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒരു സമയത്ത് 50 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഇത് മതിയാകും.

ബ്രിട്ടന്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴി ആശുപത്രികളിലേക്ക് നേരിട്ടാണ് സഹായം എത്തിക്കുക. ഏപ്രിലില്‍ ബ്രട്ടന്‍ 200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അയച്ചിരുന്നു.

രാജ്യത്ത് നാലാം ദിവസവും കൊവിഡ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 3,86,444 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 1,83,17,404 ആണ്. ഇപ്പോള്‍ രാജ്യത്ത് 37,36,648 സജീവ രോഗികളാണ് ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,092 പേരാണ് രോഗം വന്ന് മരിച്ചത്. ആകെ മരണങ്ങള്‍ 2,42,362 ആയി.