മീരറ്റില്‍ മൃതദേഹം മാറ്റി വച്ച സംഭവം; സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
മീരറ്റ്: തിരിച്ചറിയാത്ത മൃതദേഹം രാത്രിയില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തു. ശാസ്ത്രി നഗര്‍ എല്‍-ബ്ലോക്ക് ക്രോസിംഗിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50ഓടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ വണ്ടിയില്‍ കൊണ്ടുവന്ന മൃതദേഹം ഒരു കടയുടെ മുന്നില്‍ വച്ച് മടങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. രാവിലെ കടയ്ക്കുമുന്നില്‍ മൃതദേഹം കിടക്കുന്നതായി കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഹിയാ നഗര്‍ പോലിസ് എത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇ-റിക്ഷയില്‍ മൃതദേഹം കൊണ്ടുവന്ന് സ്ഥലത്ത് ഉപേക്ഷിച്ചത് കോണ്‍സ്റ്റബിള്‍ രാജേഷ്, ഹോം ഗാര്‍ഡ് റോഹ്താസ് എന്നിവരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി മീററ്റ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് വിപിന്‍ താഡ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എല്‍-ബ്ലോക്ക് ഔട്ട്‌പോസ്റ്റ് ഇന്‍ ചാര്‍ജ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്രയെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ വിശദമായ പരിശോധനയ്ക്ക് എസ്പി ആയുഷ് വിക്രം സിംഗിനെ ചുമതലപ്പെടുത്തി.