പശ്ചിമഘട്ടത്തില്‍ മൂന്നുപുതിയ സസ്യ ഇനങ്ങള്‍ കണ്ടെത്തി

Update: 2025-10-24 09:22 GMT

ബെംഗളൂരു: പശ്ചിമഘട്ടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തില്‍ മൂന്നു പുതിയ സസ്യ ഇനങ്ങള്‍ കൂടി കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. കര്‍ണാടകയിലെ ദാവന്‍ഗര സര്‍വകലാശാലയിലെ അധ്യാപകനായ സിദ്ധപ്പ ബി കാക്കലമേലിയും ഗവേഷക വിദ്യാര്‍ഥി പ്രശാന്ത് കാരടക്കട്ടി എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍.

2024-25 കാലയളവില്‍ പശ്ചിമഘട്ടത്തിലെ വിവിധ മേഖലകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മേലസ്റ്റോമേസീയേ കുടുംബത്തില്‍പ്പെടുന്ന മൂന്നുപുതിയ സസ്യ ഇനങ്ങളെ തിരിച്ചറിഞ്ഞത്. സൊണറില ബാബബുഡന്‍ഗിരിയെന്‍സിസ്, സൊണറില ജിഗാന്‍ടീ, സൊണറില ചാര്‍മഡഐയെന്‍സിസ് എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ സസ്യ ഇനങ്ങള്‍ക്കുള്ള പേരുകള്‍. ഈ സസ്യങ്ങള്‍ മലേഷ്യയിലെ സൊണറില വാലിക്കീ, സൊണറില ഗഡ്ഗിലിയാന, സൊണറില ഗ്രാന്‍ഡിസ് തുടങ്ങിയ ഇനങ്ങളുമായി സാമ്യമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ സൊണറില ജനുസ്സില്‍പ്പെട്ട 46 ഇനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതില്‍ 43 എണ്ണം പശ്ചിമഘട്ടത്തോടു മാത്രം ബന്ധമുള്ളതാണെന്നും, 11 ഇനങ്ങള്‍ മുന്‍പ് കര്‍ണാടകയില്‍ കണ്ടെത്തിയതാണെന്നും ഗവേഷക സംഘം അറിയിച്ചു. ലോകമെമ്പാടുമായി നിലവില്‍ ഏകദേശം 30 ലക്ഷം സസ്യ ഇനങ്ങള്‍ ഉള്ളതായി കരുതപ്പെടുന്നു. ഇതില്‍ രണ്ടരലക്ഷം ഇനങ്ങളെയാണ് ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുള്ളത്.

Tags: