മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍കൂടി ഉയര്‍ത്തും

Update: 2022-08-07 04:51 GMT

കുമളി: വൃഷ്ടിപ്രദേശത്ത് നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചു. രാവിലെ പത്ത് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 2754 ഘനയടി വെള്ളം പുറത്തുവിടും.

ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് 138.20 അടി വെള്ളമാണ് മുല്ലപ്പെരിയാറിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് കളക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാറിലെ വെള്ളം താഴെയുള്ള ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ വെള്ളമെത്തുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമും ഇന്ന് രാവിലെ തുറക്കും. 

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കളക്ടര്‍ ഇന്നലെ മുതല്‍ നിരോധിച്ചു.

മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫിസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.