പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Update: 2022-05-27 01:50 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രവാസിയായ ജലീലിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേരെ കൂടി മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

അലനെല്ലൂര്‍ കര്‍ക്കിടാംകുന്ന് സ്വദേശി പോന്നേത്ത് നജ്മുദ്ദീന്‍(38), ആക്കപ്പറമ്പ് സ്വദേശി പുത്തന്‍തൊടിയില്‍ മധുസൂധനന്‍(52), കൊണ്ടോട്ടി സ്വദേശി ഓനില്‍ വിജീഷ്(28) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവെഎസ്പി എം സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സിഐ സി എസ് ഷാരോണ്‍, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കൊണ്ടോട്ടി, ആക്കപ്പറമ്പ്, എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നിന്നായി കസ്റ്റഡിയിലെടുത്തത്. 

കോണ്ടോട്ടി സ്വദേശി വിജീഷ്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും കൊല്ലപ്പെട്ട ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജൂബിലിയിലെ ഫ്‌ലാറ്റിലെത്തിക്കാന്‍ സഹായിച്ചയാളാണ്. ആക്കപ്പറമ്പ് സ്വദേശി മധു, പ്രതിയായ യഹിയയുടെ കൂടെ സംഭവസമയത്ത് മാനത്തുമംഗലത്തെ ഫ്‌ലാറ്റില്‍ കൂടെനിന്ന് സഹായിച്ചയാളാണ്. നജ്മുദ്ദീന്‍ സംഭവശേഷം യഹിയയെ കാറില്‍ രക്ഷപ്പെടാനും പാണ്ടിക്കാട് നേരത്തേ അറസ്റ്റിലായ മരക്കാറുടെ അടുത്ത് വളരാട് രഹസ്യകേന്ദ്രത്തില്‍ എത്തിച്ചയാളുമാണ്.

ഇതോടെ കേസില്‍ നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമടക്കം 12 പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് യഹിയയുടെ പാര്‍ട്ണര്‍മാര്‍ കൊടുത്തുവിട്ട കള്ളക്കടത്ത് സ്വര്‍ണ്ണം നഷ്ടപ്പെട്ടതിനെച്ചൊല്ലിയാണ് അഗളി സ്വദേശി ജലീലിനെ കടത്തിക്കൊണ്ടുപോയി രഹസ്യകേന്ദ്രങ്ങളില്‍വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് സംഭവശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട മൂന്ന് പേരുടേയും സംഘത്തിലുള്‍പ്പെട്ട ഗള്‍ഫില്‍നിന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത യഹിയയുടെ പാര്‍ട്ണര്‍മാരുള്‍പ്പടെയുള്ളവര്‍ക്കുമെതിരായ കൃത്യമായ തെളിവുകള്‍ ലഭിച്ചതായും ഇവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതായും എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ മലപ്പുറം ജില്ലാപോലിസ് മേധാവി മുഖേന തുടങ്ങിയതായും ഡിവൈഎസ്പി അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് സഹായം നല്‍കിയതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു.

Similar News