വിഴിഞ്ഞത്ത് മല്‍സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം മൂന്നായി
കടല്‍ക്ഷോഭം കനത്തതോടെ മടങ്ങിയ മല്‍സ്യത്തൊഴിലാളികളാണ് തീരത്തെ പുലിമുട്ടില്‍ ഇടിച്ച് വള്ളം തകര്‍ന്ന് മരിച്ചത്. കരയോട് ചേര്‍ന്ന് അപകടം നടന്നിട്ടും ഇവരെ രക്ഷപ്പെടുത്താനിയില്ലെന്നത് മല്‍സ്യത്തൊഴിലാളികളെ പ്രയാസത്തിലാക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. വിഴിഞ്ഞം സ്വദേശി സേവ്യര്‍, പൂന്തുറ സ്വദേശി ജോസഫ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂവാറില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. ഇതോടെ വള്ളം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച രാത്രിയാണ് വിഴിഞ്ഞം തുറമുഖ പരിസരത്ത് പുലിമുട്ടില്‍ ഇടിച്ച് വള്ളം മറിഞ്ഞ് 10പേരെ കാണാതായത്. കോസ്റ്റുഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് ഏഴുപേരെ ജീവനോടെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ അടിമലത്തുറയില്‍ വച്ച് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
കടല്‍ക്ഷോഭവും മഴയും കനത്തതോടെ തീരത്തേക്ക് മടങ്ങിയ മല്‍സ്യത്തൊഴിലാളികളാണ് പുലിമുട്ടില്‍ ഇടിച്ച് വള്ളം തകര്‍ന്ന് മരിച്ചത്. കരയോട് ചേര്‍ന്ന് അപകടം നടന്നിട്ടും ഇവരെ രക്ഷപ്പെടുത്താനിയില്ലെന്നത് മല്‍സ്യത്തൊഴിലാളികളെ പ്രയാസത്തിലാക്കുന്നു. വിഴിഞ്ഞം അദാനി പോര്‍ട്ടിന്റെ അശാസ്ത്രീയ പുലിമുട്ട് നിര്‍മാണമാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.