ജെന്‍ഡര്‍ സംയോജനത്തില്‍ ദേശീയ ത്രിദിന ശില്‍പ്പശാല ചൊവ്വാഴ്ച്ച മുതല്‍; 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും
തൃശൂര്‍: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ് ലി ഹുഡ് മിഷന്‍ എന്‍.ആര്‍.എല്‍.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശില്‍പ്പശാലയ്ക്ക് നാളെ തൃശൂര്‍ ജോയ് പാലസ് ഹോട്ടലില്‍ തുടക്കമാകും. 'ജെന്‍ഡര്‍ സംയോജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
രാവിലെ പത്തിന് ആരംഭിക്കുന്ന ശില്പശാലയില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ സ്വാഗതം ആശംസിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജരിവാള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉള്‍പ്പെടെ രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അമ്പതോളം പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
ജെന്‍ഡര്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എന്‍.ആര്‍.എല്‍.എം ന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ എന്‍.ആര്‍.എല്‍.എം പദ്ധതികളിലും ജെന്‍ഡര്‍ സംയോജനം സാധ്യമാക്കുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എല്ലാവിധ സഹായങ്ങളും നല്‍കി വരുന്നുമുണ്ട്. 202122ലെ വാര്‍ഷിക പദ്ധതി അനുസരിച്ച് രാജ്യത്തെ 28 സംസ്ഥാനങ്ങളും ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കാനാകുന്ന രണ്ട് മുതല്‍ നാല് വരെ ബ്ലോക്കുകള്‍ തെരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചിട്ടുമുണ്ട്.
നിലവില്‍ ജെന്‍ഡര്‍ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവര്‍ത്തന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ തുടങ്ങീ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വേറിട്ട ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനായി നടത്തറ, അതിരപ്പിള്ളി,പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സി ഡി എസുകളിലേക്ക് ഫീല്‍ഡ്തല സന്ദര്‍ശനവും ശില്‍പ്പശാലയുടൈ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 17ന് ശില്‍പ്പശാല അവസാനിക്കും.

