സിഗരറ്റ് വാഗ്ദാനം ചെയ്ത് ദലിത് യുവാവിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍
ഝാന്‍സി: സിഗരറ്റ് വാഗ്ദാനം ചെയ്ത് ദലിത് യുവാവിനെ കൂട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഝാന്‍സിയിലെ പ്രേംനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.
രാജ്ഗഡിലെ ഗോസ്വാമി റെസ്റ്റോറന്റിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ നിഷാന്ത് സക്‌സേന, സുകൃത്, കനിഷ്‌ക് എന്നിവര്‍ അടുത്തേക്ക് വിളിക്കുകയും സിഗരറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയുമായിരുന്നു. എന്നാല്‍ ഇവര്‍ യുവാവിനെ പ്രതിയില്‍ ഒരാളുടെ വീട്ടിലെത്തിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടില്‍ മറ്റു രണ്ടു പേര്‍ കൂടി ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തന്നെ വിട്ടയക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ജാതി അധിക്ഷേപം നടത്തിയെന്നും പോലിസില്‍ പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു. എസ്സി എസ്ടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുകൃത്, ആനന്ദ് നായക്, കനിഷ്‌ക് അഹിര്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ പ്രധാന പ്രതിയായ നിഷാന്ത് സക്സേന ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.