കൊച്ചിയിലെ വായു ശ്വാസകോശത്തിന് ഭീഷണി; ഒരു ദിവസം മൂന്നര സിഗരറ്റിന് തുല്യം

Update: 2026-01-31 10:49 GMT

കൊച്ചി: കൊച്ചി നഗരത്തില്‍ വായു മലിനീകരണം ഗുരുതര നിലയിലേക്ക് ഉയരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) 310 എന്ന അപകടകരമായ നിലവാരത്തിലെത്തിയതോടെ നഗരവാസികള്‍ കടുത്ത ആരോഗ്യ ഭീഷണി നേരിടുകയാണ്. എക്യുഐ 180 പിന്നിട്ടതോടെയാണ് ആശങ്ക വര്‍ധിച്ചത്. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 6 വരെ സമയങ്ങളിലാണ് കൊച്ചിയില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമാകുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാവസായിക മേഖലകളായ അമ്പലമുകള്‍, ഏലൂര്‍ പ്രദേശങ്ങളിലാണ് മലിനീകരണ തോത് ഏറ്റവും കൂടുതലായി രേഖപ്പെടുത്തുന്നത്.

കാറ്റിന്റെ ദിശ അനുസരിച്ച് മലിന വായു ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഒരു ദിവസം കൊച്ചിയില്‍ താമസിക്കുന്ന ഒരാള്‍ ശരാശരി മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്യമായ മലിന വായു ശ്വസിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു മലിനീകരണം ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കൊപ്പം വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള മിക്ക എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഏലൂരിലെ ഏക സ്‌റ്റേഷനാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.

Tags: