ജഡ്ജിക്ക് ഭീഷണി; തൃണമൂല്‍ നേതാവിനെതിരേയുളള കേസ് ബംഗാളിനു പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്
കൊല്‍ക്കത്ത: തൃണമൂല്‍ നേതാവ് അനുബ്രതാ മൊണ്ടലിനെതിരേയുള്ള കേസ് ബംഗാളിനു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കേസ് പരിഗണിക്കുന്ന സിബിഐ ജഡ്ജിക്കെതിരേ ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ബംഗാളിലെ കോടതിയില്‍ കേസ് പരിഗണിക്കരുതെന്നുമാണ് ജസ്റ്റിസ് എന്‍വി രമണക്കെഴുതിയ കത്തില്‍ പറയുന്നത്. പശ്ചിമ ബംഗാളിലെ വിവിധ കോടതികളിലും ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഇതുപോലൊരു സംഭവം ബംഗാളില്‍ ഇതാദ്യമാണെന്നും നീതിന്യായ സംവിധാനത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അസന്‍സോള്‍ സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി രാജേഷ് ചക്രബര്‍ത്തിക്കാണ് ബാപ്പ ചക്രവര്‍ത്തിയെന്നയാളില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. അനുബ്രതാ മൊണ്ടലിന് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയുടെ കുടുംബത്തിലെ അംഗങ്ങളെ മയക്കുമരുന്നു കള്ളക്കേസില്‍ കുടുക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
സിബിഐ അന്വേഷിക്കുന്ന കന്നുകാലിക്കടത്തുകേസില്‍ പ്രതിയാണ് അനുബ്രത. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുമാണ്.
അനുബ്രത മൊണ്ടല്‍ ബിര്‍ഭം ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.
ഇയാള്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും കത്തില്‍ പറയുന്നു.
