ശ്രീലങ്കയില്‍ ആയിരങ്ങള്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി; രാജിസന്നദ്ധത അറിയിച്ച് രാജപക്‌സെ

Update: 2022-07-09 12:57 GMT

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്ക ഇതുവരെയുണ്ടായതില്‍വച്ച് ഏറ്റവും ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ഗോദബയ രാജപക്‌സെ കഴിഞ്ഞ ദിവസം രാത്രിതന്നെ സൈനികാസ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ശനിയാഴ്ച തീരുമാനിച്ചിരുന്ന റാലി നിയന്ത്രണാതീതമായതോടെയാണ് പ്രതിഷേധം പ്രസിഡന്റിന്റെ വസതി കീഴടക്കുന്നതിലേക്ക് നീങ്ങിയത്.

പ്രതിഷേധക്കാരില്‍ പലരും ഹെല്‍മെറ്റുകള്‍ ധരിച്ചിരുന്നു. ചിലര്‍ പതാകകള്‍ വീശുകയും ചെയ്തു.

ബസിലും ട്രയിനിലും ട്രക്കുകളിലുമാണ് ജനങ്ങള്‍ കൊളംബോയിലേക്കെത്തിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട ജനങ്ങളോടൊപ്പം പല സീനിയര്‍ സൈനികരും ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചു. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോടും നിര്‍ദേശിച്ചു.

പ്രസിഡന്റ് രാജപക്‌സെ രാജിവയ്ക്കാന്‍ തയ്യാറായതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം നാവിക സേനാ ആസ്ഥാനത്തെത്തിയ പ്രസിഡന്റ് രാജ്യം വിട്ടതായി വാര്‍ത്തയുണ്ട്.