'ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ആശയപരമായി ചെറുക്കുന്നതില്‍ പരാജയപ്പെട്ടവരാണ് എസ്ഡിപിഐക്ക് സ്റ്റഡി ക്ലാസുകള്‍ എടുത്തു കൊണ്ടിരിക്കുന്നത്'; അന്‍സാരി ഏനാത്ത്

Update: 2026-03-26 08:52 GMT

മഞ്ചേശ്വരം: പതിനാറാം നിയമസഭ തിരഞ്ഞെടുപ്പിലെ മാധ്യമങ്ങളിലെ ശ്രദ്ധാ കേന്ദ്രം സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ആയത് ഒട്ടും യാദൃശ്ചികമല്ലെന്ന് സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ഒരു രാഷ്ട്രീയപാര്‍ട്ടി എവിടെയൊക്കെ മല്‍സരിക്കണമെന്നും എവിടെയൊക്കെ മല്‍സരിക്കേണ്ട എന്നും എന്ത് രാഷ്ട്രീയ നയം തീരുമാനിക്കണം എന്നതൊക്കെ ആ പാര്‍ട്ടിയുടെ മാത്രം ആഭ്യന്തര കാര്യമാണ് എന്നിരിക്കെ മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഈ വിവാദങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എസ്ഡിപിഐ തന്നെയാണ് എന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാന്‍ കഴിയും. 2009ല്‍ ഒരു നവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പോസിറ്റീവ് പൊളിറ്റിക്‌സ് ആയിരിക്കണം അതിന്റെ നയം എന്ന് തീരുമാനിച്ചതാണ്. ആരെയോ ജയിപ്പിക്കാനോ ആരെയെങ്കിലും പരാജയപ്പെടുത്താനോ വേണ്ടി വോട്ട് ചെയ്യുന്നതിന് പകരം അവനവന്റെ ജീവിത പരിസരവുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ സാമൂഹിക കാലാവസ്ഥയെ വിലയിരുത്തിയും സമഗ്രമായ മാറ്റത്തിന് അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ ഭരണപങ്കാളിത്തത്തിനും പരിധിയും പരിമിതിയും ഇല്ലാത്ത രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പോസിറ്റീവ് പൊളിറ്റിക്‌സ്.

മതനിരപേക്ഷ മുഖ്യധാരയുടെ നിഷ്‌ക്രിയത്വത്തിലും നിസ്സംഗതയിലും അപകടകരമാംവിധം വളര്‍ന്നു രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലൊതുക്കിയ ബിജെപിയുടെ വളര്‍ച്ചയെ ചൂണ്ടിക്കാട്ടി എക്കാലവും ഭീതി വിതച്ച് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുക എന്ന പതിവ് തന്ത്രമാണ് ഇപ്പോഴും മുന്നണികള്‍ സ്വീകരിച്ചു വരുന്നത്. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ആശയപരമായി ചെറുക്കുന്നതില്‍ പരാജയപ്പെട്ടവരാണ് എസ്ഡിപിഐക്ക് സ്റ്റഡി ക്ലാസുകള്‍ എടുത്തു കൊണ്ടിരിക്കുന്നത്. പത്തനംതിട്ടയിലെ കോട്ടാങ്ങലിലും കര്‍ണാടകയിലെ വിവിധ ലോക്കല്‍ ബോഡികളിലും ബിജെപി വരുന്നേ ബിജെപി വരുന്നേ എന്ന നിലവിളികളെ അതിജീവിച്ചുകൊണ്ട് ധീരമായി മല്‍സര രംഗത്ത് തുടരുകയും ബിജെപിയെ അധികാരത്തില്‍നിന്ന് വരെ മാറ്റി നിര്‍ത്താന്‍ കഴിയുന്ന രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്ത പ്രസ്ഥാനമാണ് എസ്ഡിപിഐ.

അത് നിയമസഭാ മണ്ഡലങ്ങളിലും സാധ്യമാകും എന്ന് തെളിയിക്കുകയായിരുന്നു മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ. നിക്ഷിപ്ത താല്‍പര്യങ്ങളോടെ ചില മാധ്യമങ്ങള്‍ മഞ്ചേശ്വരം മുന്‍നിര്‍ത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം അടിയുറച്ചു നിന്ന പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയുടെ അഭിമാനമാണ്. സംഘപരിവാര്‍ ഫാഷിസത്തിനെതിരെ രാജ്യത്ത് ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നവരാണ് എസ്ഡിപിഐക്കാര്‍ എന്ന് എതിരാളികളുടെ വായില്‍ നിന്ന് തന്നെ മാലോകരോട് വിളിച്ചുപറയിക്കാന്‍ കഴിഞ്ഞു എന്നതാണ് എസ്ഡിപിഐ നേതൃത്വത്തിന് അഭിമാനിക്കാന്‍ കഴിയുന്ന ഒന്ന്. ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമം ലേഖകന്റെ ബിജെപി ഡീല്‍ എന്ന അശ്ലീല വര്‍ത്തമാനം അദ്ദേഹത്തിന്റെ ആശയപരിസരത്തുള്ള ആളുകള്‍ പോലും വിശ്വസിക്കില്ല. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളുടെ പേരില്‍ ഇത്രയും വേട്ടയാടപ്പെട്ട മറ്റൊരു പ്രസ്ഥാനവുമില്ല.

മഞ്ചേശ്വരത്ത് മല്‍സരിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിതീരുമാനമാണ്. ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതും പാര്‍ട്ടി തീരുമാനമാണ്. കാലാകാലങ്ങളായി ബിജെപി പേടി ഉയര്‍ത്തി വോട്ട് വാങ്ങുകയും ഇച്ഛാശക്തിയില്ലാതെ നിര്‍ലജ്ജം പരസ്പര ധാരണകളെ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യങ്ങളുടെ നിസ്സഹായ അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെട്ടു. അതു തന്നെയാണ് ഈ പ്രഖ്യാപനത്തിലൂടെ എസ്ഡിപിഐ നേടിയ വിജയവും. എസ്ഡിപിഐ വോട്ടുകള്‍ മതേതര വോട്ടുകള്‍ ആണെന്ന് ലീഗ് നേതൃത്വത്തിന് വരെ പരോക്ഷമായി സമ്മതിക്കേണ്ടി വന്നു. എസ്ഡിപിഐ മല്‍സരിച്ചാല്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല എന്നും അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നടത്തിയിരുന്നു. അല്ലാത്തപക്ഷം എസ്ഡിപിഐ അവിടെ സ്ഥാനാര്‍ഥി നിര്‍ത്തും എന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശം പിന്‍വലിക്കുമ്പോള്‍ പിന്‍വലിക്കുന്നു എന്നതിനേക്കാള്‍ രാഷ്ട്രീയ പ്രാധാന്യം മല്‍സരിക്കാന്‍ തീരുമാനിക്കുകയും പ്രചാരണ രംഗത്ത് മുന്നേറുകയും ചെയ്തു എന്നതിലാണ്. അതുണ്ടാക്കിയ രാഷ്ട്രീയ കോളിളക്കം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ എസ്ഡിപിഐ എന്ന പ്രസ്ഥാനത്തെ തമസ്‌കരിക്കാനോ അവഗണിക്കാനോ കഴിയാത്ത നിലയിലേക്ക് വളര്‍ത്തിയിരിക്കുന്നു. നിലപാടുകള്‍ക്ക് ഒപ്പം അടിയുറച്ചു നിന്നവര്‍ക്ക് അഭിമാനിക്കാം.

Tags: