'ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തടവറകളിലാക്കാന്‍ സാധിക്കില്ല' : ടൂള്‍കിറ്റ് കേസില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഡല്‍ഹി കോടതി

അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍,നിരാകരണങ്ങള്‍ എല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

Update: 2021-02-23 17:03 GMT
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി സെഷന്‍സ് കോടതി സര്‍ക്കാറിനെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. 'ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്‍മാര്‍ സര്‍ക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്‍മാരെ തടവറകളിലാക്കാന്‍ സാധിക്കില്ല' ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ട് സൂചിപ്പിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍,നിരാകരണങ്ങള്‍ എല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ നാഗരികത വൈവിധ്യമാര്‍ന്ന ഭാഗങ്ങളില്‍ നിന്നുള്ള ആശയങ്ങളോട് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.


കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ദിശാ രവി അറസ്റ്റിലാകുന്നത്. 22കാരിയായ ദിശാ രവിയെ ഫെബ്രുവരി 13ന് ബെംഗളൂരുവില്‍ നിന്നാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.




Tags: