'ബുക്ക് ചെയ്തവര്‍ എത്തിയില്ല'; ശബരിമലയില്‍ പടിപൂജ മുടങ്ങി

Update: 2026-02-17 09:20 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വര്‍ഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിങ് സ്ലോട്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കേയാണ് പൂജ മുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് സന്നിധാനത്ത് പടിപൂജ നടക്കാതിരുന്നത്. കുംഭമാസ പൂജകള്‍ക്കിടെ രണ്ട് ദിവസങ്ങളില്‍ പൂജ മുടങ്ങിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പൂജയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ സന്നിധാനത്ത് എത്താതിരുന്നതാണ് ഇതിന് കാരണമായി ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം. 2040 വരെ ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് സ്ലോട്ട് ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് വിശ്വാസികളെ അറിയിച്ചിരുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ നടത്താന്‍ അനുവാദമുള്ളൂ. വഴിപാട് മുടങ്ങിയാലും ശബരിമലയിലെ നിത്യനിദാന ക്രിയകള്‍ക്കും മറ്റ് പൂജകള്‍ക്കും തടസ്സമുണ്ടാകില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വ്യക്തമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവര്‍ വരാത്ത സാഹചര്യത്തില്‍ മുന്‍പും പൂജകള്‍ മുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 1,40,000 രൂപയോളം ചെലവ് വരുന്നതാണ് പടിപൂജ. ഇതിനായി ആറുമാസം മുന്‍പെങ്കിലും സ്ലോട്ട് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ബുക്ക് ചെയ്യുന്ന സ്ലോട്ട് മറിച്ചു വില്‍ക്കുന്നതായി വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബുക്കിങ് സ്ലോട്ടുകള്‍ മൂന്നും നാലും ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സന്നിധാനത്ത് കര്‍ശന പരിശോധനകളാണ് നടക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പടിപൂജ മുടങ്ങിയത്. പൂജ ബുക്ക് ചെയ്ത വ്യക്തിയോ അവരുടെ അടുത്ത ബന്ധുക്കളോ തന്നെ നേരിട്ട് എത്തണമെന്നാണ് നിലവിലെ നിയമം. മറ്റാരെയെങ്കിലും വിജിലന്‍സ് പൂജയ്ക്കായി അനുവദിക്കില്ല എന്ന കര്‍ശന നിലപാട് വന്നതോടെയാണ് ബുക്ക് ചെയ്തവര്‍ വരാതിരുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

Tags: