മാപ്പ് അപേക്ഷ കേസില്‍ നിന്ന് രക്ഷപെടാന്‍; നാലു മാസം കഴിഞ്ഞുള്ള മാപ്പ് അപേക്ഷ തള്ളുന്നതായി പെണ്‍കുട്ടിയുടെ പിതാവ്
കേസുമായി മുന്നോട്ട് പോകുമെന്നും പോലിസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞു
തിരുവനന്തപുരം: തോന്നയ്ക്കലില്‍ പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ പിങ്ക് പോലിസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസുമായി മുന്നോട്ട് പോകുമെന്നും സംഭവത്തില്‍ പോലിസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞു.
തനിക്കും മൂന്ന് കുട്ടികളുണ്ട്, പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകന്‍ മുഖാന്തിരം ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് സ്വീകരിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരാണ് എന്ന നിലപാടിലായിരുന്നു കോടതി.
സംഭവം നടന്ന പിറ്റേദിവസം മുതല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് ജയച്ചന്ദ്രന്‍ പറഞ്ഞു. അതിന് ശേഷം കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. മാപ്പ് പറഞ്ഞാല്‍ എങ്ങനെയാണ് നീതിയാകുന്നത്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. അവര്‍ കുറ്റക്കാരിയാണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടതിനാലാണ് മാപ്പ് പറഞ്ഞത്. സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഈ ഖേദപ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കേസില്‍ അതി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ഇന്ന് രംഗത്ത് എത്തി. കുട്ടിയെ പരിശോധിക്കാന്‍ പോലിസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച നടപടി റിപോര്‍ട്ട് പൂര്‍ണമല്ലെന്നും വിമര്‍ശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം.
അതിനിടെയാണ് കേസില്‍ ആരോപണ വിധേയയായ പോലിസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെയും പോലിസിനെയും കേസ് പരിഗണിക്കവേ വിമര്‍ശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എങ്ങനെ സഹിക്കുമെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പോലിസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്‌കളങ്കമായാണ് പെണ്‍കുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. ആരോപണവിധേയയായ പിങ്ക് പോലിസ് ഉദ്യോഗസ്ഥയെ ബിഹേവിയറല്‍ ട്രെയിനിങ്ങിന് അയച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുട്ടിയെ പരിശോധിക്കണമെന്ന പോലിസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമെന്ന് പറഞ്ഞ കോടതി, കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. ഈ കേസില്‍ മാത്രമല്ല പല കേസുകളിലും താന്‍ ഇത് കണ്ടിട്ടുണ്ടെന്ന് പോലിസ് നിലപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണം. കുട്ടിയെ പരിശോധിക്കാന്‍ പോലിസുകാരിക്ക് എന്താണ് അവകാശമാണ്. യൂനിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നതും ആലോചിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

