ഇതാണ് ഇസ്‌ലാമിക് പാകിസ്താനും മതേതര ഇന്ത്യയും തമ്മിലുള്ള വ്യത്യാസം: രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ഇസ്‌ലാമിക് പാകിസ്താനില്‍ ക്ഷേത്രം തകര്‍ത്തു, 26 മുസ്‌ലിംകളെ പോലീസ് അറസ്റ്റു ചെയ്തു. പാക് മാധ്യമങ്ങള്‍ സംഭവം റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പാക് സുപ്രിം കോടതി ഇടപെട്ടു

Update: 2021-01-01 18:01 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയാതിക്രമങ്ങള്‍ നടക്കുമ്പോഴും നിശബ്ദത പാലിക്കുന്ന മാധ്യമങ്ങള്‍ക്കും കോടതിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതാണ് ഇസ്‌ലാമിക് പാകിസ്താനും മതേതര ഇന്ത്യയും തമ്മിലുള്ള വ്യത്യാസം എന്ന തലക്കെട്ടില്‍ ട്വിറ്ററിലാണ് അദ്ദേഹം മതേതര ഇന്ത്യ എത്രമാത്രം ഇസ്‌ലാമിക വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടത്.


ഇസ്‌ലാമിക് പാകിസ്താനില്‍ ക്ഷേത്രം തകര്‍ത്തു, 26 മുസ്‌ലിംകളെ പോലീസ് അറസ്റ്റു ചെയ്തു. പാക് മാധ്യമങ്ങള്‍ സംഭവം റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പാക് സുപ്രിം കോടതി ഇടപെട്ടു എന്ന് പ്രശാന്ത് ഭൂഷന്‍ എഴുതി. മതേതര ഇന്ത്യയില്‍ മധ്യപ്രദേശില്‍ പള്ളി തകര്‍ത്തു, ദേശീയ സുരക്ഷാ നിയമപ്രകാരം മുസ്‌ലിംകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്, മാധ്യമങ്ങള്‍ നിശബ്ദരാണ്, ഇന്ത്യന്‍ സുപ്രിം കോടതി പരിഗണിക്കുന്നില്ല എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ മുസ്‌ലിം വാസ മേഖലകളിലെ വീടുകളും പള്ളികളും ആക്രമണത്തിനിരയാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പല ഗ്രാമങ്ങളില്‍നിന്നും മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. അക്രമങ്ങള്‍ വ്യാപകമായി. പള്ളികള്‍ക്കുനേരെ കൈയേറ്റമുണ്ടായി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മുസ്‌ലിംകള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയാണ് പോലീസ് ചെയ്തത്.


മധ്യപ്രദേശിലെ മാണ്ഡ്‌സോറില്‍ മാല്‍വ ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ദൊരാനയിലേക്ക് പുറത്തുനിന്ന് വടിയും തോക്കുമേന്തി പ്രകടനമായി വന്ന 5000ത്തോളം ഹിന്ദുത്വവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിന് ഫണ്ട് ശേഖരണം എന്ന പേരിലായിരുന്നു ജയ് ശ്രീറാം വിളികളോടെയുള്ള പ്രകടനം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വീടുകളും കടകളും കൊള്ളയടിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന ആക്രമികള്‍ നിരവധി വീടുകളും പള്ളികളും ആക്രമിച്ചു. ഗ്രാമത്തില്‍നിന്ന് രക്ഷപ്പെട്ടോടിയവരെ അടുത്ത ഗ്രാമത്തിലേക്ക് കടക്കാനാകാതെ അവിടെയും ആക്രമിച്ചു.


ഉത്തര്‍പ്രദേശിലെ മീറത്തിലെ മാവിമീര ഗ്രാമത്തില്‍ ഗുജ്ജറുകള്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം നടത്തിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. 40 കുടുംബങ്ങളാണ് ഇവിടെ അക്രമം ഭയന്ന് തുഛവിലക്ക് വീട് വിറ്റ് ഗ്രാമം വിടുന്നത്. ഈ വിഷയങ്ങളൊന്നും പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ വന്നിട്ടില്ല.




Tags:    

Similar News