'ഇത് കലാപകാരികള്‍ക്കുള്ള സമ്മാനം!': യുവാക്കളെ യുപി പോലിസ് തല്ലിച്ചതക്കുന്ന ക്രൂരദൃശ്യത്തിന് കയ്യടിച്ച് ബിജെപി എംഎല്‍എ

Update: 2022-06-12 10:16 GMT

ലഖ്‌നോ: പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ച യുപിയിലെ ഒമ്പത് യുവാക്കളെ പോലിസ് തല്ലിച്ചതക്കുന്ന ക്രൂരദൃശ്യങ്ങള്‍ പ്രകോപനപരമായ ശീര്‍ഷകത്തോടെ പങ്കുവച്ച എംഎല്‍എക്കെതിരേ വ്യാപക പ്രതിഷേധം. രണ്ട് ദിവസം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് യുപി ബിജെപി എംഎല്‍എ ശലഭ് മണി ത്രിപാഠി ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോക്ക് കലാപകാരികള്‍ക്കുള്ള സമ്മാനമെന്ന ശീര്‍ഷകവും ചേര്‍ത്തു.

രണ്ട് പോലിസുകാര്‍ ചേര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്നതിനെക്കുറിച്ച് സൂചനയില്ല.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എംഎല്‍എ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണ്.

സംഭവം നടന്നത് എവിടെയാണെന്ന വിവരങ്ങള്‍ എംഎല്‍എ പറഞ്ഞിട്ടില്ല. 


സഹറന്‍പൂരില്‍ രണ്ട് ദിവസം മുമ്പ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ആക്രമണത്തിനു വിധേയരായതെന്നാണ് കരുതുന്നത്.

ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.