തിരുവനന്തപുരം നഗരസഭ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെന്നായിരുന്നു കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കണ്‍കറണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്.

Update: 2021-10-05 10:35 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. അഞ്ച് ജീവനക്കാരെ സ്‌സ്‌പെന്റ് ചെയ്തു. നേമം സോണില്‍ 26.7 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെ ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് മേയറുടെ സ്ഥിരീകരണം. വീട്ടുകരവും കെട്ടിട നികുതിയും മാത്രമല്ല, ഈ സോണലില്‍ നിന്നുള്ള മറ്റ് വരുമാനം ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ വകമാറ്റി ഉപയോഗിച്ചെന്ന് മേയര്‍ വിശദീകരിച്ചു.

നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെന്നായിരുന്നു കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കണ്‍കറണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ജീവനക്കാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും അതിന് കൗണ്‍സിലിന്റെ അനുവാദം ഉണ്ടായിരുന്നില്ല. കൗണ്‍സിലിന്റെ അനുവാദം വാങ്ങാതെയുള്ള സസ്‌പെന്‍ഷന് പിന്നീട് ഒരു നിയമത്തിന്റെ പിന്‍ബലം ഉണ്ടാകില്ലായെന്നതിനാലാണ് പ്രതിപക്ഷം പ്രതിഷേധം തുടരുന്നത്. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ആദ്യമായാണ് മേയര്‍ അഴിമതി നടന്നതായി സ്ഥിരീകരിക്കുന്നത്. ഓരോ സോണിലും നടന്നത് 'അഴിമതി' തന്നെയാണ് മേയര്‍ സ്ഥിരീകരിച്ചു. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.

നികുതി വെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ പ്രതിപക്ഷ കക്ഷിയായ ബിജെപി സമരത്തിലാണ്.

Tags: