ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍
തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുമായി പോര് രൂക്ഷം
തിരുവനന്തപുരം: ഇലക്ട്രിക് ബസിനെ ചൊല്ലി തിരുവനന്തപുരം കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി പോര് രൂക്ഷമാകുന്നു. ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ വി വി രാജേഷ് ആവശ്യപ്പെട്ടതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് ബസ് ഓടിക്കുന്നതെന്നും നഷ്ടത്തില്‍ ഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
മേയറായി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട് സിറ്റിക്കായി കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ സമ്മര്‍ദം കാരണം ഇ-ബസ് മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണ്. നഗരത്തിനു പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു.