'മന്ത്രവാദിനിയെന്ന് മുദ്ര കുത്തും, ശേഷം തല്ലികൊല്ലും'; ഉത്തരേന്ത്യയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നു പുറത്തുവരുന്നത് ഞെട്ടിക്കുന്ന കൊലപാതക സംഭവങ്ങള്‍
കൊല്‍ക്കത്ത: ഉത്തരേന്ത്യയിലെ ആദിവാസി ഗ്രാമങ്ങളിലുടനീളം, അന്ധവിശ്വാസത്തിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ കൊല്ലപ്പെടുന്നതായി റിപോര്‍ട്ട്. മിക്കയിടത്തും മന്ത്രവാദിനിയെന്ന് മുദ്ര കുത്തിയാണ് കൊലപാതകം. പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ഖണ്ഡ് എന്ന ആദിവാസി ഗ്രാമത്തില്‍ ഇിനോടകം തന്നെ നിരവധി സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടു കഴിഞ്ഞു. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, മധ്യപ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്.
ജൂലൈയില്‍, ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ മന്ത്രവാദം ആരോപിച്ച് ജീവനോടെ കത്തിച്ചു. സീതാ ദേവി, മഞ്ജീത് ഒറാവോണ്‍, റാണി ദേവി, ബാബുലാല്‍ ഒറാവോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഒരു കുട്ടിയുടെ മരണത്തിന് ഉത്തരവാദികളാക്കിയായിരുന്നു കൊലപാതകം. ഇവര്‍ മന്ത്രവാദം ചെയ്താണ് കുട്ടി മരിച്ചത് എന്ന് അവര്‍ വരുത്തിതീര്‍ത്തു.
പലപ്പോഴും രാത്രികാലങ്ങളിലാണ് ആളുകള്‍ വീടുകളിലെത്താറ് എന്ന് ഇവിടുത്തുകാര്‍ പറയുന്നു. വീട്ടിലെത്തി സ്്തീകളെ പുറത്തേക്ക് വലിച്ചിറക്കി കൊണ്ടു പോവുകയും ഉപദ്രവിക്കുകയും ചെയ്യും. ക്രൂരമായ ആക്രമണത്തില്‍ അവര്‍ മരിച്ചു പോകുന്നു.
'ഏകദേശം 100 പേര്‍ എന്റെ വീട്ടിലേക്ക് വന്നു. അവര്‍ എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി, എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, വടി ഉപയോഗിച്ച് എന്നെ അടിച്ചു, ശ്വാസം മുട്ടിച്ചു, തല മൊട്ടയടിച്ചു, മനുഷ്യ മലവും മൂത്രവും കുടിക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ കാല്‍ ഒടിഞ്ഞു. എനിക്ക് ഇപ്പോഴും ശരിയായി നടക്കാന്‍ കഴിയുന്നില്ല.ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു,' ആക്രമണത്തെ അതിജീവിച്ച സുഖി എന്ന പ്രദേശവാസി താന്‍ നേരിട്ട അനുഭവത്തെകുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്. പലപ്പോഴും ആക്രമണങ്ങള്‍ക്കിരയാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് നോക്കി നില്‍ക്കാനെ കഴിയാറുള്ളു എന്നും അവര്‍ കൂട്ടിചേര്‍ത്തു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2000 നും 2016 നും ഇടയില്‍ 2,500 ലധികം മരണങ്ങള്‍ മന്ത്രവാദ വേട്ടയുമായി ബന്ധപ്പെട്ടവയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 2001 നും 2021 നും ഇടയില്‍ 593 സ്ത്രീകള്‍ കൊല്ലപ്പെട്ടു. 2018 നും 2022 നും ഇടയില്‍ 89 പേര്‍ കൂടി കൊല്ലപ്പെട്ടു.
2000-2022 കാലയളവില്‍ ഒഡീഷയിലെ മയൂര്‍ഭഞ്ച്, കിയോഞ്ജര്‍ ജില്ലകളില്‍ 2,553 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2018 നും 2022 നും ഇടയില്‍ ഛത്തീസ്ഗഡില്‍ ഇത്തരത്തിലുള്ള 89 കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശ്, അസം, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും സമാനമായ കൊലപാതകങ്ങള്‍ തുടരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ചുട്നി മഹാതോ അത്തരം അക്രമങ്ങളെ അതിജീവിച്ച ഒരാളാണ്. മന്ത്രവാദിനിയായി മുദ്രകുത്തിയായിരുന്നു ആക്രമണം. 'ഇന്നത്തെ മറ്റ് സ്ത്രീകളോട് ചെയ്യുന്നതുപോലെയാണ് ഗ്രാമവാസികള്‍ എന്നോട് പെരുമാറിയത്. രണ്ട് വര്‍ഷത്തെ പോരാട്ടത്തിനും ഒരു എന്‍ജിഒയുടെ പിന്തുണക്കും ശേഷം, മന്ത്രവാദ വേട്ടയ്ക്കെതിരെ ഒരു ബില്‍ പാസാക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പക്ഷേ അത് ഇപ്പോഴും തുടരുന്നു,' അവര്‍ പറഞ്ഞു. അടുത്തിടെയുണ്ടായ പല കേസുകളിലും ഭീകരമായ പീഡനങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും അതിന്റെ അനന്തരഫലങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

