'ഡയാലിസിസിനായി തങ്ങള്‍ നടന്നത് കിലോമീറ്ററുകള്‍'; ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ കുടുംബം
നാഗ്പൂര്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ചികില്‍സ ലഭിച്ചില്ലെന്ന് കുട്ടികളുടെ കുടുംബം. സമീപത്തെ ഒരാശുപത്രിയിലും വേണ്ട സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളുടെ ഡയാലിസിസിനായി തങ്ങള്‍ നടന്നത് കിലോമീറ്ററുകളാണെന്നും അവര്‍ പറയുന്നു. ഒരു ഡയാലിസിസിന് തന്നെ 60000 രൂപ നല്‍കേണ്ടി വരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്ന കുഞ്ഞുങ്ങള്‍ മരിക്കുന്ന അവസ്ഥയും ഇവിടെയുണ്ടായി.
സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പലരും കുട്ടികളെയും കൊണ്ട് 150 കിലോമീറ്റര്‍ സഞ്ചരിച്ച് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
രാജ്യത്താകെ കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. കോള്‍ഡ്രിഫിന്റെയും മറ്റൊരു കഫ് സിറപ്പായ 'നെക്‌സ്‌ട്രോ-ഡിഎസ്' ന്റെയും വില്‍പന അധികൃതര്‍ നിരോധിച്ചു.തെലങ്കാനയിലും സിറപ്പ് നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
കോള്‍ഡ്രിഫ് സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കേരളത്തില്‍ എട്ടുവിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍േദശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
