'അവര്‍ നമ്മുടെ ട്രാപ്പില്‍ വീണു'; നെഹ്റു കോളജില്‍ സന്ദീപ് വാരിയരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ട് പുറത്ത്
കാസര്‍കോട്: നീലേശ്വരം പടന്നക്കാട് നെഹ്റു കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സംഘവും നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്നാണ് ആരോപണം. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.
'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി, നല്ലൊരു പ്രചാരണ ആയുധമായി മാറി, ആദ്യം തന്നെ എസ്എഫ്ഐക്ക് നന്ദി രേഖപ്പെടുത്തുന്നു. ജയിക്കാന്‍ കുറച്ച് കൂടെ എളുപ്പം ആക്കി തന്നതിന്' തുടങ്ങിയ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
ക്യാംപസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്നായിരുന്നു പരാതി. സ്ഥാനാര്‍ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തില്‍ സന്ദീപ് വാരിയര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ താന്‍ കാണരുത് എന്ന ഉദ്ദേശത്തോടെ എസ്എഫ്ഐ ആക്രമണം നടത്തിയെന്നായിരുന്നു സന്ദീപ് വാരിയരുടെ ആരോപണം. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും സന്ദീപ് വാരിയര്‍ പ്രതികരിച്ചിരുന്നു.
