തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല, ഇപ്പോഴാണോ പുനരവലോകനം?; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി

Update: 2025-07-10 09:23 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി. വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതല്ല പ്ര്ശനമെന്നും അതിനുനല്‍കുന്ന സമയമാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരേ എത്തിയ ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്നത്.

ആര്‍ജെഡി, യോഗേന്ദ്ര യാദവ്, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരേ കോടതിയെ സമീപിച്ചത്.ആധാറിനെ തിരച്ചറിയല്‍ രേഖയില്‍നിന്ന് ഒഴിവാക്കിയതിനെയും ഹരജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

പൗരന്മാരല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടാകാന്‍ പാടില്ലെന്നത് ശരിയാണെന്നു പറഞ്ഞ കോടതി, തിരഞ്ഞെടുപ്പിന് കുറഞ്ഞ ദിസങ്ങള്‍ ബാക്കിനില്‍ക്കെയാണോ ആ തീയതി നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞതെന്നും ചോദിച്ചു. വാദം കേട്ട കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അക്കാര്യം കോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കി.

Tags: