പ്രശ്‌നപരിഹാരത്തിന് ഒരു ചര്‍ച്ചയും നടത്തിയില്ല; സച്ചാര്‍ കമ്മിഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ പാടേ അട്ടിമറിച്ചെന്നും ഡോ.പി നസീര്‍

സച്ചാര്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് രൂപം നല്‍കിയ പാലൊളി കമ്മിറ്റി ശിപാര്‍ശ കൂടി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനോ നിയമ നിര്‍മ്മാണം നടത്താനോ സര്‍ക്കാര്‍ തയാറായില്ല. ഇത് കടുത്ത നീതിനിഷേധമാണ്.

Update: 2021-07-15 16:06 GMT

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സമഗ്രപുരോഗതിക്കായി തയാറാക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ വീണ്ടും അട്ടിമറിച്ചതായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.പി നസീര്‍.

മെയ് 28ലെ ഹൈക്കോടതി ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയതോടെ സച്ചാര്‍ റിപോര്‍ട്ടും അതേത്തുടര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കാനായി രൂപം നല്‍കിയ പാലൊളി കമ്മിറ്റി ശിപാര്‍ശയും കൂടിയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. കോടതി വിധി ഉടന്‍ നടപ്പിലാക്കാതെ നാല് ഐഎഎസുകാരുള്‍പ്പെട്ട ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഒന്നരമാസം താമസിപ്പിച്ചു കൊണ്ട് മുസ്‌ലിം പ്രതിഷേധം ശീതീകരിക്കുകയും ഇപ്പോള്‍ ന്യൂനപക്ഷ വകുപ്പിന് കീഴിലെ ഗുണഭോക്തൃത അനുപാതം ജനസംഖ്യാനുനൃതമായി നടപ്പിലാക്കിയതോടെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

നൂറു ശതമാനം മുസ്‌ലിംകള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011ല്‍ 80 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇതിനെ 59 ശതമാനമായി വീണ്ടും കുറച്ചു. ഇതോടെ ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന് വിഎസ് സര്‍ക്കാര്‍ നല്‍കിയ 20 ശതമാനം 40.87 ആയി ഉയരുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിയില്‍ നിന്ന് ഇത്തരമൊരു ഉത്തരവുണ്ടാകുമ്പോള്‍ അതിനെതിരെ അപ്പീല്‍ പോകാനോ നിയമ നിര്‍മ്മാണം നടത്താനോ സര്‍ക്കാര്‍ തയാറായില്ല. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഒരുതരത്തിലുള്ള ചര്‍ച്ചയും നടന്നില്ല. ഇത് കടുത്ത നീതിനിഷേധമാണെന്നും ഡോ. നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: